നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവം, അതിജീവിത നൽകിയ ഹർജിയിൽ നിർണായക വിധി ഇന്ന്

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

0
139

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അക്രമ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ ബാബുവാണ് അതിജീവിത നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കുക.

വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.