ഐ എഫ് എഫ് കെ: ആദ്യ പാസ് ഏറ്റുവാങ്ങി നടി വിൻസി അലോഷ്യസ്

മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനി സംവിധായകന്റെ 'ഗുഡ്ബൈ ജൂലിയ' ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം.

0
402

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന സിനിമ പുരസ്‌കാര ജേതാവുകൂടിയായ നടി വിൻസി അലോഷ്യസ് ആദ്യ പാസ് സംവിധായകൻ ശ്യാമ പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി.

2011 ലെ സുഡാൻ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു.

തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ  ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.