പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണാഹ്വാനം പൊളിഞ്ഞു; നവകേരള സദസ്സിൽ പങ്കെടുത്ത് കൂടുതൽ കോൺഗ്രസ്, ലീഗ് നേതാക്കൾ

പ്രഭാതയോഗത്തിലും തുടർന്ന് വിവിധ മണ്ഡലങ്ങളിലും നടക്കുന്ന പൊതുജന സമ്പർക്കത്തിലും യോഗങ്ങളിലും നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളാണ് എത്തുന്നത്.

0
714

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവ കേരള സദസ് ബഹിഷ്‌ക്കരിക്കണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഹ്വാനം തള്ളി കോൺഗ്രസ്, ലീഗ് നേതാക്കൾ. ഓരോ ദിവസം കഴിയുംതോറും കൂടുതൽ യു ഡി എഫ് നേതാക്കളുടെ പങ്കാളിത്തം നവ കേരള സദസ്സിൽ വർധിച്ചുവരികയാണ്. പ്രഭാതയോഗത്തിലും തുടർന്ന് വിവിധ മണ്ഡലങ്ങളിലും നടക്കുന്ന പൊതുജന സമ്പർക്കത്തിലും യോഗങ്ങളിലും നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളാണ് എത്തുന്നത്. നാളെയുടെ വികസിത കേരളത്തെ വാർത്തെടുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ യജ്ഞത്തിന് തങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് ഈ നേതാക്കൾ ഉറപ്പും നൽകുന്നു. നവ കേരളം പടുത്തുയർത്തുന്നതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇക്കാര്യം സദസ്സിൽ പങ്കെടുക്കുന്ന യു ഡി എഫ് നേതാക്കൾ പരസ്യമായി പങ്കുവെക്കുന്നുമുണ്ട്.

നവംബർ 18ന് കാസർകോട് നിന്നും തുടങ്ങി പാലക്കാട്‌ ജില്ലയിൽ എത്തിനിൽക്കുമ്പോൾ നൂറുകണക്കിന് പ്രതിപക്ഷ പാർട്ടി നേതാക്കളാണ് നവ കേരള സദസിലും പ്രഭാത യോഗങ്ങളിലും പങ്കെടുത്തത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പും നൽകുന്നുണ്ട്. കാസർകോട് മുതൽ പാലക്കാട്‌ വരെയുള്ള എല്ലാ ജില്ലകളിലും നിരവധി കോൺഗ്രസ്, ലീഗ് നേതാക്കൾ സദസ്സിൽ ഇതിനകം പങ്കെടുത്തുകഴിഞ്ഞു. കാസർകോട് പ്രഭാത യോഗത്തിൽ പങ്കെടുത്ത ലീഗിന്റെ മുതിർന്ന നേതാവ് എൻ എ അബൂബക്കർ പറഞ്ഞത് നവ കേരള സദസ് വികസന മുന്നേറ്റം മാത്രമല്ല, മറിച്ച് തങ്ങളിൽ സുരക്ഷിതബോധം കൂടി ഉറപ്പുവരുത്തുന്നു എന്നായിരുന്നു.

യുവതയുടെ പങ്കാളിത്തം ഉൾപ്പെടുത്തുക വഴി പുത്തൻ ആശയങ്ങളിലൂടെ കേരളത്തെ വികസനത്തിന്റെ പുതിയ ആകാശത്ത് എത്തിക്കാൻ കഴിയും എന്നായിരുന്നു എം എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ വടകരയിൽ തുറന്നുപറഞ്ഞത്. പ്രതീക്ഷ മാത്രമല്ല, പദ്ധതികൾ നടപ്പാകുമെന്ന ശുഭാപ്തി വിശ്വാസമാണ് നവകേരള സദസ് പകർന്നുനൽകുന്നതെന്ന് കൊയിലാണ്ടി മണ്ഡലം മുസ്ലിംലീഗ് നേതാവ് ഷരീഫ് പ്രതികരിച്ചത്.

ലീഗിന്റെ സ്വാധീനമേഖലയായ മലപ്പുറത്ത് നിരവധി കോൺഗ്രസ്, ലീഗ് നേതാക്കൾ സദസ്സിൽ അണിചേർന്നു. നാളെയുടെ കേരളത്തെ രൂപപ്പെടുത്താൻ നവകേരള സദസിന് കഴിയുമെന്ന് മുസ്ലിംലീഗ് നേതാവും പാണക്കാട് തങ്ങളുടെ മരുമകനുമായ ഹസീബ് തങ്ങൾ തുറന്നുപറഞ്ഞു. രാഷ്ട്രീയം നോക്കി ഇത്തരം കാര്യങ്ങളോട് മുഖം തിരിച്ചുനിൽക്കാൻ കഴിയില്ലെന്നും ഹസീബ് തങ്ങൾ പറഞ്ഞു.

പാലക്കാട്‌ ജില്ലയിൽ വലിയ തോതിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുത്തു. കെപിസിസി ഭാരവാഹിയും പാലക്കാട്‌ ഡിസിസി മുൻ സെക്രട്ടറിയുമായ പി വി ഗോപിനാഥ്, വനിതാ ലീഗ് മുൻ ഭാരവാഹിയും മണ്ണാർക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ എം സി സുബൈദ എന്നിവരും പാലക്കാട്‌ ചേർന്ന പ്രഭാത യോഗത്തിൽ സംബന്ധിച്ചു. നവകേരളത്തിന് വേണ്ടിയുള്ള സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്ന് പി വി ഗോപിനാഥ് പറഞ്ഞു. വികസന കാര്യത്തിൽ പുതിയ മാതൃക കേരളം തീർക്കുമ്പോൾ അതിനൊപ്പം നിൽക്കാതെ മാറിനിൽക്കുന്നത് കടുത്ത നന്ദികേടും ആത്മഹത്യാപരവുമാണ്. അതുകൊണ്ടുതന്നെയാണ് വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും നവകേരള സദസ്സിൽ പങ്കെടുത്തതെന്നും ഗോപിനാഥ് വ്യക്തമാക്കി.

നവകേരള സദസിന്റെ അഭൂതപൂർവമായ മുന്നേറ്റത്തിലും ജനപങ്കാളിത്തത്തിലും വിറളി പിടിച്ച വി ഡി സതീശനും സംഘവും വ്യാജ പ്രചരണം തുടരുകയാണ്. മുഖ്യധാര മാധ്യമങ്ങൾ ആകട്ടെ കള്ളവാർത്തയും പ്രതിപക്ഷത്തിന്റെ പൊട്ടത്തരവും വലിയ വാർത്തയാക്കി മാറ്റുന്നു. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് ജനങ്ങൾ നവ കേരള സദസിലേക്ക് ഒഴുകിയെത്തുന്നത്. മാധ്യമ വാർത്തകൾ വിശ്വസിക്കാൻ കൊള്ളുന്നതല്ലെന്ന് ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ നവ കേരള സദസിലേക്ക് പിന്തുണയുമായി എത്തുന്നത്.