കൊല്ലം തട്ടിക്കൊണ്ടുപോകൽ: ‘പൊലീസ് അന്വേഷണ മികവ് കാട്ടി, മുൻവിധിയോടെയുള്ള പ്രതിപക്ഷ ആരോപണം മുതലെടുപ്പിന് വേണ്ടി’ – മുഖ്യമന്ത്രി

കുട്ടിയ്ക്കായി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിൻ്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലർ ശ്രമിച്ചത്

0
126

പാലക്കാട്‌: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക പുരോഗതി നേടിയിട്ടുണ്ട്. മുഖ്യപ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. വിശദമായ കാര്യങ്ങൾ പോലീസ് തന്നെ പറയും. നല്ല രീതിയിൽ അന്വേഷണം നടന്നു. അന്വേഷണ മികവ് പോലീസ് കാട്ടി. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു കാര്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു.

നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നു എന്നത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിൻ്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചതും ഇപ്പോൾ ഓർക്കണം.

കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും നല്ല യശസ്സ് നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന സേനയാണ്. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 110 ദിവസത്തിനുളളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് ഒരു ഉദാഹരണം മാത്രമാണ്.

എ കെ ജി സെൻ്ററിന് നേരെ ഉണ്ടായ ബോംബേറ്. “ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത പോലീസ് എന്ത് പോലീസ് ” എന്നായിരുന്നു അന്നത്തെ ആദ്യഘട്ട പ്രചാരണം. പ്രതിയെ കിട്ടിയോ എന്ന് ദിവസക്കണക്ക് വെച്ച് ചോദിക്കലും ഉണ്ടായി. ഒടുവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ കേസിൽ അറസ്റ്റ് ചെയ്തപ്പോൾ പ്രചരണക്കാർ ഒറ്റയടിക്ക് നിശബ്ദരായി. മയക്കുമരുന്ന് ചോക്ലേറ്റ് നൽകിയിട്ടാണ് പ്രതിയെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചത് എന്ന വിചിത്ര ന്യായീകരണവുമായി ഒരു നേതാവ് വന്നത് ഓർക്കുന്നുണ്ടാകുമല്ലോ.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ഇതുപോലെയൊന്ന് ആയിരുന്നു. ആശ്രമം സന്ദീപാനന്ദഗിരി തന്നെ തീ വെച്ചു എന്നായിരുന്നു സംഘപരിവാറിൻ്റെ പ്രചാരണം. ഒടുവിൽ ബി ജെ പി കൗൺസിലർ അടക്കമുള്ള പ്രതികളെ ഇതുപോലെ പിൻതുടർന്ന് പോലീസ് പിടികൂടി.

രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങൾക്ക് ശേഷം പ്രതികൾ സ്വസ്ഥരായി ജീവിക്കുബോഴാണ് നിയമത്തിൻ്റെ കരങ്ങളിൽ അവർ പെടുന്നത്. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തി എലത്തൂരിലെ ട്രെയിൻ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാൻ ഇടയില്ല.

കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പൊലീസിന് നേരെ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകാൻ പാടില്ല. കൊല്ലത്തെ കുട്ടിയുടെ കേസിൽ ഒരു പരിധിവരെ മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ടിങ് നടത്തിയിട്ടുണ്ട്, ആ സംയമനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടർന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു