ഫലം വൈകും; മിസോറമില്‍ വോട്ടെണ്ണല്‍ തീയതി മാറ്റി, തീരുമാനം പ്രതിഷേധങ്ങള്‍ക്കിടെ

40 സീറ്റുകളിലേയ്ക്കാണ് മിസോറമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പില്‍ 80.66 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

0
275

ഐസ്വാള്‍: മിസോറാം നിയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഡിസംബര്‍ മൂന്ന് ഞായറാഴ്ചയാണ് നേരത്തെ വോട്ടെണ്ണാന്‍ നിശ്ചയിച്ചിരുന്നത്. വോട്ടെണ്ണല്‍ നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കാരണം ഡിസംബര്‍ നാലാം തീയതിയിലേയ്ക്കാണ് വോട്ടെണ്ണള്‍ മാറ്റിയത്.

മിസോറാം എന്‍ ജി ഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വോട്ടെണ്ണല്‍ തീയതി മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഞായര്‍ മിസോറമിലെ ജനങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുള്ള ദിവസമാണ്.

ജനസംഖ്യയില്‍ 87 ശതമാനത്തിലധികവും ക്രൈസ്തവരാണ് മിസോറമില്‍. അതിനാല്‍ത്തന്നെ ഞായറാഴ്ച ദിവസങ്ങളില്‍ പൊതുവെ ആളുകള്‍ ആരാധനാലയങ്ങളിലാണ് കൂടുതല്‍ സമയവും ചിലവഴിക്കുക.ഇത് ചൂണ്ടിക്കാട്ടി ഫല പ്രഖ്യാപന ദിവസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ എത്തിയിരുന്നു.

40 സീറ്റുകളിലേയ്ക്കാണ് മിസോറമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പില്‍ 80.66 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എക്‌സിറ്റ് പോളുകള്‍ക്ക് അപ്പുറത്തായി ഭരണം ആരിലേയ്‌ക്കെത്തും എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.

മിസോറമിനൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലേയും ജനവിധി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ മൂന്നിന് തന്നെ വോട്ടെണ്ണല്‍ നടക്കും. ഇന്ത്യ സഖ്യ രൂപീകരണം ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചെന്നറിയാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ആകാംക്ഷയിലാണ്.