ആവേശം നിറച്ച് സലാർ ട്രെയിലർ; പൃഥ്വിയുടെ വൺ മാൻ ആർമിയായി പ്രഭാസ്

പൃഥ്വിയുടേയും പ്രഭാസിന്റേയും കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയായിരിക്കും സലാര്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

0
434

സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാർ. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പ്രക്ഷകരെ കൂടുതൽ ആവേശത്തിലാക്കി സലാറിന്റെ ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സലാറിന്റെ സംവിധാനം പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് പരമ്പരയ്ക്ക് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിയുടേയും പ്രഭാസിന്റേയും കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയായിരിക്കും സലാര്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പ്രതീക്ഷിച്ചത് പോലെ തന്നെ വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രമായിരിക്കും സലാര്‍ എന്നും ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗമായ സലാര്‍-സീസ്ഫയറിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കെജിഎഫും കാന്താരയും നിര്‍മ്മിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ ആണ് സലാറും നിര്‍മ്മിക്കുന്നത്.

കെജിഎഫിന്റെ സംഗീതം നിര്‍വ്വഹിച്ച രവി ബസ്രൂര്‍ ആണ് സലാറിന്റേയും സംഗീതം. ഭുവന്‍ ഗൗഡയുടേതാണ് ഛായാഗ്രഹണം. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. ബോബി സിന്‍ഹ, ജഗപതി ബാബു, ഈശ്വരി റാവു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിസംബര്‍ 22 നാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസ് ചെയ്യുക. ട്രെയിലര്‍ പുറത്തു വന്നതോട് കൂടി ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇരട്ടിയായിരിക്കുകയാണ്.