സിനിമ പ്രക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ . ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയിരിക്കുകയാണ്. രണ്ടാം ഷെഡ്യൂളിലേക്കുള്ള സെറ്റ് നിർമ്മാണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സെറ്റിലെ ജോലികൾ ഇന്ന് ആരംഭിച്ചുവെന്ന് കുറിച്ചായിരുന്നു പോസ്റ്റ്. പുതിയ സെറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
സ്‌കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ തുടർച്ചയാണ്. ആദ്യ സിനിമയിലെന്നപോലെ മോഹൻലാലിനൊപ്പം മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും ഉണ്ടാകും. ഈ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ദില്ലിയിൽ ആയിരുന്നു ആദ്യ ഷൂട്ട്. ലൂസിഫർ നിർമിച്ച ആശിര്‍വാദ് സിനിമാസ് ആണ് എമ്പുരാന്റെയും നിർമാണം. എന്നാൽ തമിഴിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്.
സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് ദേവ് ആണ് സംഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് പ്രോജക്റ്റ് ഡിസൈന്‍. എമ്പുരാൻ അടുത്ത വർഷം തിയറ്ററിൽ എത്തുമെന്നാണ് വിവരം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും.