ബംഗളൂരുവിലെ 15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, ആശങ്കയോടെ സംസ്ഥാനം

ഭീഷണി എത്തിയ സ്‌കൂളുകളില്‍ ഒന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയ്ക്ക് എതിര്‍വശത്തുള്ളതാണ്.

0
124

ബംഗളൂരു: സ്‌കൂളുകളെ കേന്ദ്രീകരിച്ച് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. ബംഗുളൂരുവിലെ 15-ല്‍ അധികം സ്‌കൂളുകളിലേയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതോടെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ഒഴിപ്പിച്ചു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ ചുവടുപിടിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടാണ് ആദ്യം ഭീഷണി സന്ദേശം എത്തിയത്. ഇതിന് പിന്നാലെയാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും ഇ-മെയിലുകള്‍ വഴി സമാനമായ ഭീഷണി എത്തിയത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പോലീസ് ഉടന്‍തന്നെ സ്‌കൂളുകള്‍ ഒഴിപ്പിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതോടെ ആശങ്കയിലാണ്.

ആദ്യം ഭീഷണി എത്തിയ സ്‌കൂളുകളില്‍ ഒന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയ്ക്ക് എതിര്‍വശത്തുള്ളതാണ്. ഇത് പോലീസിനും കൂടുതല്‍ തലവേദനയാകുകയാണ്. എന്നാല്‍ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന കണ്ടെത്തലിലാണ് പോലീസ് എത്തി നില്‍ക്കുന്നത്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.

ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ബോംബ് സ്‌കാഡിന്റെ പരിശേധന തുടരുകയാണ്. പരിശോധനയില്‍ സ്‌കൂളുകളിലോ പരസര പ്രദേശങ്ങളിലോ സ്‌ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച് ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അവയെല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.