‘രാഹുല്‍ ഗാന്ധി വിഡ്ഢികളുടെ രാജാവ്’; കടന്നാക്രമിച്ച് നരേന്ദ്രമോഡി

കോൺഗ്രസ് ഇപ്പോഴേ പരാജയം സമ്മതിച്ചുവെന്നും പ്രധാനമന്ത്രി.

0
315

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഡ്ഢികളുടെ രാജാവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജനങ്ങളുടെ പോക്കറ്റിലെ മൊബൈല്‍ ഫോണുകള്‍ ‘മെയ്ഡ് ഇന്‍ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇന്‍ മധ്യപ്രദേശ്’ ആവണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രധാനമന്ത്രി രംഗത്തുവന്നത്. ഏത് ലോകത്താണ് രാഹുല്‍ ജീവിക്കുന്നതെന്നും മധ്യപ്രദേശിലെ ബൈത്തൂര്‍ ജില്ലയില്‍ പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം ചോദിച്ചു.

‘ഇന്ത്യയിലെ ജനങ്ങള്‍ മെയ്ഡ് ഇന്‍ ചൈന ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ ഒരു മഹാജ്ഞാനി പറഞ്ഞത്. വിഡ്ഢികളുടെ രാജാവ്. ഏത് ലോകത്താണ് അദ്ദേഹം ജീവിക്കുന്നത്. നാടിന്റെ പുരോഗതി കാണാന്‍ കഴിയാത്ത രോഗം ബാധിച്ചിരിക്കുകയാണ് അവര്‍ക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ടെന്ന് തനിക്കറിയാം. ആ വാത്സല്യം കാണാന്‍ കഴിയുന്നുണ്ട്. മോഡിയുടെ ഉറപ്പുകള്‍ക്ക് മുന്നില്‍ തങ്ങളുടെ വ്യാജ വാഗ്ദാനങ്ങള്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസിനറിയാം. ഇപ്പോള്‍ തന്നെ പരാജയം സമ്മതിച്ചു കഴിഞ്ഞു. ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ഇത് മധ്യപ്രദേശ് ജനതയ്ക്ക് നല്‍കുന്ന ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary: King Of Fools; PM’s Swipe At Rahul Gandhi’s Made In China Phone Remark.