തെരഞ്ഞെടുപ്പ്‌ കോഴ; കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു

നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ്‌ കേസ്‌.

0
192

കൽപ്പറ്റ: എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന്‌ കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, സി കെ ജാനു, ബിജെപി വയനാട്‌ മുൻജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ എന്നിവരെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു. വയനാട്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. ഒരു മണിക്കൂറോളം ചോദ്യംചെയ്‌തു. ചോദ്യങ്ങളോട്‌ സുരേന്ദ്രൻ സഹകരിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷകസംഘത്തിന്റെ കണ്ടെത്തലുകളും നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

ജനാധിപത്യ രാഷ്‌ട്രീയ പാർടി (ജെആർപി) പ്രസിഡന്റായിരുന്ന ജാനുവിന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ്‌ കേസ്‌. സുരേന്ദ്രൻ ഒന്നും ജാനു രണ്ടും പ്രശാന്ത്‌ മൂന്നാം പ്രതിയുമാണ്‌. കേസിൽ തെളിവായ ഫോൺ സംഭാഷണം സുരേന്ദ്രന്റേതാണെന്ന്‌ നേരത്തെ ഫോറൻസിക്‌ പരിശോധനയിൽ തെളിഞ്ഞിരുന്നു. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായുള്ള ഫോൺ സംഭാഷണമാണ്‌ പരിശോധിച്ചത്‌. ഇതിൽ കോഴയുടെ വിവരങ്ങളുണ്ട്‌. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്‌ പ്രകാരമാണ്‌ ശബ്ദം പരിശോധിച്ചത്‌. ഡിജിറ്റൽ പരിശോധനാഫലങ്ങളും സുരേന്ദ്രന്‌ എതിരാണ്‌.

പ്രതികളെ ചോദ്യംചെയ്‌തതോടെ ക്രൈംബ്രാഞ്ച്‌ അന്വേഷണം പൂർത്തിയായി. അടുത്തുതന്നെ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. അതിനിടെ, ശബ്ദ പരിശോധനയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽനിന്നും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. 2021ൽ ആരെയൊക്കെ വിളിച്ചു, ഏത്‌ ഫോണിൽ വിളിച്ചു എന്നൊക്കെ പൊലീസ്‌ ചോദിച്ചാൽ എങ്ങനെ പറയാൻ പറ്റുമെന്നും സുരേന്ദ്രൻ ചോദിച്ചു. ശബ്ദപരിശോധനയിൽ താങ്കളുടെ ശബ്ദം തിരിച്ചറിഞ്ഞല്ലോ എന്ന ചോദ്യത്തിന്‌ കൃത്യമായ മറുപടി നൽകിയതുമില്ല.

English Summary: Election corruption; K Surendran and CK Janu were interrogated by the Crime Branch.