ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണം: ജസ്റ്റിൻ ട്രൂഡോ

ഇസ്രേയലിനെതിരെ രൂക്ഷ പ്രതികരണവുമായികാനഡ

0
602

ഒട്ടാവ: ഗാസയിലെ ആശുപത്രികൾക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുമ്പോൾ രൂക്ഷ പ്രതികരണവുമായി കാനഡ. ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു. ഗാസയിൽ നിരപരാധികളായവരെ കൊന്നൊടുക്കുന്നത് ലോകമാകെ കാണുകയാണ്. ടെലിവിഷനിലും സമൂഹ മദ്യംനങ്ങളിലും ഒക്കെ ഇസ്രയേൽ ആക്രമണമാണ് ചർച്ച. ആശുപത്രികൾക്കുനേരേ വരെ ആക്രമണം തുടരുന്നു.

പിഞ്ചുകുഞ്ഞങ്ങളും സ്ത്രീകളും മരിച്ചുവീഴുകയാണ് ഗാസയിൽ. ഈ സ്ഥിതിക്ക് അവസാനമുണ്ടാകണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധി കാരണം ഇൻകുബേറ്ററുകൾ പോലും പ്രവർത്തിക്കുന്നില്ല. നവജാത ശിശുക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഗാസയിലെ ജനങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ ഏറെ ഹൃദയഭേദകമാണെന്നും ജസ്റ്റിൻ ട്രൂഡോ സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

എന്നാൽ, മനുഷ്യകവചം ഉണ്ടാക്കി ഹമാസാണ് കുട്ടികളെയും സാധാരണക്കാരെയും കൊലപ്പെടുത്തുന്നതിന് ഉത്തരവാദിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മറുപടി നൽകി. ഗാസയിലെ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും ഇസ്രയേൽ തുറന്നുകൊടുത്തിട്ടുണ്ട്. ഇസ്രായേൽ മനഃപൂർവം സാധാരണക്കാരെ ലക്ഷ്യം വെക്കുന്നില്ല. ഹമാസ് എന്ന ഭീകര സംഘടനയെ തുടച്ചുനീക്കാനാണ് ശ്രമം. ഭീകരവാദം എവിടെയുണ്ടായാലും അതിനെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം ട്രൂഡോക്ക് മറുപടി നൽകി.

English Summary: Killing of newborns in Gaza must stop:Justin Trudeau