ആലുവ വിധി; കുഞ്ഞുങ്ങളെ ആക്രമിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമാണ് വിധി.

0
123

തിരുവനന്തപുരം: ആലുവ ബലാത്സംഗക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ചത് കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമവും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്ക് നേരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് വിധിയെന്നും ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശിശുദിനത്തിലെ ഏറ്റവും പ്രധാന സന്ദേശം: മന്ത്രി വീണാ ജോർജ്

ആലുവ ബലാത്സംഗക്കേസ് പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊലീസിനും പ്രോസിക്യൂഷനും ആദരവ് അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ വിധിയാണ് കോടതി പുറപ്പെടുവിപ്പിച്ചത്. പൊതുസമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നു. ശക്തമായ സന്ദേശമാണ് കോടതി നൽകുന്നത്. സമാനമായ കേസുകളിൽ ഈ വിധി മാതൃകയാകും. ഇനി ഒരു കുട്ടിയും ആക്രമിക്കപ്പെടരുത്. നിഷ്കളങ്കമായ ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി വി ശിവൻകുട്ടി

ആലുവ കേസിൽ കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പെൺകുട്ടിയുടെ കുടുംബത്തിന്റേത് നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും വേഗത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് സാഹചര്യം ഒരുക്കാനുള്ള പ്രതിബദ്ധത സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾക്കെതിരായ സർക്കാരിന്റെ അചഞ്ചലമായ നിലപാടിന് അടിവരയിടുന്നതായും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമാണ് വിധി: മന്ത്രി എം ബി രാജേഷ്

മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് മന്ത്രി എം ബി രാജേഷ്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനങ്ങള്‍ മന്ത്രി അറിയിച്ചു. ഈ സംഭവം ഉണ്ടായത് മുതൽ കേസിൽ സർക്കാർ പുലർത്തിയ ജാഗ്രതയുടെ കൂടി വിജയമാണിത്. ഇന്ന് മാതൃകാപരമായ വിധി വരുമ്പോള്‍ സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമായി ഇത് മാറുന്നുവെന്നും മന്ത്രി പറഞ്ഞു.

കുട്ടികളോടും സ്ത്രീകളോടും സർക്കാരിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണം: പി രാജീവ്

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാർ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമത്തിയ എല്ലാ വകുപ്പിനും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എല്ലാവേളയിലും ആ വീട്ടുകാർക്കൊപ്പം നിലകൊള്ളാനും അവർക്കാവശ്യമായ സഹായം ലഭ്യമാക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. 110 ദിവസം കൊണ്ട് വിധിയെഴുതിയ ആലുവ ബലാത്സംഗക്കേസ് ഈ നാട്ടിലെ കുട്ടികളോടും സ്ത്രീകളോടും സംസ്ഥാന സർക്കാരിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണം കൂടിയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കേരളീയ സമൂഹം ആഗ്രഹിച്ച വിധി: പി സതീദേവി

കേരളീയ സമൂഹം ആഗ്രഹിച്ച വിധിയാണ് ഉണ്ടായതെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. വിധിയില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസ് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി. പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരായ പീഢനം ആശങ്കയുണ്ടാക്കുന്നതാണ്. ഇനി ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ കരുതലും ജാഗ്രതയും വേണം.

English Summary: Aluva case CM Pinarayi Vijayan welcomes verdict.