അൽ ഖുദ്‌സ്‌ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

അൽ ഷിഫ ആശുപത്രിയിലെ ഓക്സിജൻ സംഭരണകേന്ദ്രം തകർത്തു.

0
615

ഗാസ സിറ്റി: ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സിനു നേരെയും ഇസ്രയേൽ ആക്രമണം. 21 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അൽ- ഷിഫയ്‌ക്കുനേരെയും ആക്രമണം നടത്തിയിരുന്നു. ഇവിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ്‌ നവജാത ശിശുക്കളടക്കം 32 രോഗികൾ കൊല്ലപ്പെട്ടു. അന്താരാഷ്‌ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഗാസയിലെ ആശുപത്രികൾ വളഞ്ഞാക്രമിക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അൽ ഷിഫയിലെ തീവ്രപരിചരണ വിഭാഗം ഇസ്രയേൽ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ തകർന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഓക്സിജൻ സംഭരണകേന്ദ്രം തകർന്നു.

പലസ്‌തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അൽ-ഷിഫ ആശുപത്രിയിൽ വൈദ്യുതിയും മരുന്നുകളും ലഭിക്കാത്തതിനാൽ ഇതുവരെ 12 രോഗികൾ മരിച്ചു. ഇതിൽ മാസം തികയാതെ ജനിച്ച രണ്ട്‌ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. അൽ-റാന്റിസിയിലും തുർക്കി ആശുപത്രികളിലും ചികിത്സയിലായിരുന്ന 3000 അർബുദ രോഗികളുടെ ജീവൻ അപകടത്തിലാണ്‌. ഗാസയിലെ 35 ആശുപത്രിയിൽ 23 എണ്ണത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി. പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർ, രോഗികൾ എന്നിവരെ ഇസ്രയേൽ സൈന്യം അകത്തേക്കും പുറത്തേക്കും വിടുന്നില്ലെന്ന്‌ ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രാഈലിന്റെ നിര്താന്തര ആക്രമണം കാരണം മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ആശുപത്രി മുറ്റത്ത് ജീർണിച്ച നിലയിലാണ് മൃതദേഹങ്ങൾ. അതിനിടെ, അൽ ഷിഫയിൽനിന്ന്‌ ആയിരങ്ങൾ പലായനം ചെയ്‌തതായി റിപ്പോർട്ടുണ്ട്‌. മൂന്നു ദിവസമായി അൽ ഷിഫയിൽ വെള്ളമില്ല. ആശുപത്രി പൂർണനിലയിൽ പ്രവർത്തിക്കുന്നില്ലെന്ന്‌ ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

അൽ-റിമാൽ, താൽ അൽ-ഹവ, അൽ-തുഫ, ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഷെയ്ഖ് അജ്‌ലിൻ പരിസരങ്ങൾ, ബീച്ച് അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ ബോംബാക്രമണമുണ്ടായി. സൈനിക ടാങ്കുകൾ നിലയുറപ്പിച്ചതിനാൽ അവിടേയ്‌ക്ക്‌ ആംബുലൻസുകൾക്ക്‌ എത്താനാകുന്നില്ല. ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളിനു നേരെയും ആക്രമണം ഉണ്ടായി.

English Summary: Israeli attack on Al Quds Hospital; 21 people were killed.