ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തിക്കൊന്ന സംഭവം; ലക്ഷ്യമിട്ടത് എയർ ഹോസ്റ്റസായ 23കാരിയെ

14കാരനെ കൊന്നത് ദൃക്‌സാക്ഷി ഇല്ലാതിരിക്കാൻ.

0
4876

ഉഡുപ്പി: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മൂന്നു മക്കളെയും കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയാളി എത്തിയത് 400 കിലോമീറ്റർ അകലെ ബംഗളൂരുവിൽ നിന്നാണെന്നും ഉഡുപ്പിയിലെത്തിയശേഷം ഇയാൾ ഓട്ടോറിക്ഷയിലാണ് കെമ്മണ്ണു ഹംപൻകട്ടയിലെ ഹസീനയുടെ വീട്ടിൽ എത്തിയതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നു. പ്രവാസിയായ നൂർ മുഹമ്മദിന്റെയും ഹസീനയുടെയും മൂത്ത മകളായ അഫ്സാനെ ലക്ഷ്യമിട്ടാണ് കൊലയാളി ഉഡുപ്പിയിലെത്തിയത്. 23കാരിയായ അഫ്സാൻ എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസാണ്. കൂട്ടകൊലപാതകത്തിനുപിന്നിൽ വ്യക്തി വൈരാഗ്യമെന്നാണ് സൂചന. അഫ്സാനെ വകവരുത്തുക മാത്രമായിരുന്നു കൊലയാളിയുടെ ലക്‌ഷ്യം. എന്നാൽ, ആക്രമണം മറ്റുള്ളവർ കൂടി കണ്ടതോടെ ബാക്കി മൂന്നുപേരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, കേസിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അഫ്‌സാന്‍ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പി തൃപ്തി നഗറിലെ വീട്ടിലെത്തിയത്. യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെന്ന് കരുതുന്നയാൾ അഫ്സാന്റെ വീട്ടിലേക്ക് വന്ന ഓട്ടോറിക്ഷ ഡ്രൈവർ ശ്യാമിന്റെ മൊഴിയില്‍ നിന്നാണ് കൊലയാളി ബംഗളൂരുവില്‍ നിന്നാണ് ഉഡുപ്പിയില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു ശൈലിയിലാണ് കന്നഡ സംസാരിച്ചിരുന്നതായാണ് ശ്യാം നല്‍കിയ മൊഴി. ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും ബംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കയറിയ പ്രതി വാക്ക് തര്‍ക്കത്തിനൊടുവില്‍ അഫ്‌സാനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനുമിടയിലായിരുന്നു നടുക്കുന്ന കൂട്ടക്കൊലപാതകം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍ (23), ഐനാസ് (20), അസീം (14) എന്നിവരെയാണ് വെട്ടും കുത്തുമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയപ്പോഴാണ് അസീമിനെ കൊലയാളി കുത്തിവീഴ്ത്തിയത്. സംഭവത്തിൽ ദൃക്‌സാക്ഷി ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നൂര്‍ മുഹമ്മദിന്റെ ഉമ്മ ഹാജിറയെ ഗുരുതരനിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ആരോഗ്യനില പതിയെ മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍കുമാര്‍ പറഞ്ഞു. കൊലയാളിയുടെ ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്യിലൊരു കറുത്ത സഞ്ചിയുമായി നടന്നുവരുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. അക്രമി സന്തക്കട്ടെയിൽ നിന്ന് ഓട്ടോറിക്ഷയിൽ വന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുകയെന്ന ലക്ഷ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. പ്രവാസിയുടെ വീട്ടില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കളൊന്നും കളവുപോയിട്ടുമില്ല. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. വ്യക്തിവെെരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. കൊലയാളിയുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

English Summary: Udupi; assailant cought on camera.