‘പലസ്തീൻ ഐക്യദാർഢ്യം; മൊല്ലാക്കമാരെ വിളിച്ച് റാലി, താടിയും അരിപ്പത്തൊപ്പിയും ഉള്ളവർ മാത്രം വേദിയിൽ’, മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ

പലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ ഉരുട്ടി വിഴുങ്ങാൻ പറ്റുമോയെന്നും ചോദ്യം.

0
115

തിരുവനന്തപുരം: സിപിഐ എമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ നിലപാടിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോഴിക്കോട്ട് മൊല്ലാക്കമാരെ മാത്രം വിളിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. താടിയും അരിപ്പതൊപ്പിയും മാത്രമുള്ളവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്. കമ്യുണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആണോ കമ്യുണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ എന്തുകൊണ്ട് കോഴിക്കോട് മാത്രം നടക്കുന്നു. മറ്റു മതപണ്ഡിതന്മാരെ എന്തുകൊണ്ട് ഈ പരിപാടിയിലേക്ക് വിളിക്കുന്നില്ല എന്നും സുരേന്ദ്രൻ ചോദിക്കുന്നു.

പച്ചയായി ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ഭരണ തകർച്ചയും അഴിമതിയും കെടുകാര്യതയും മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ്. വോട്ട് ബാങ്കിന് വേണ്ടി ഉള്ള വില കുറഞ്ഞ തന്ത്രമാണിത്. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേത്. ജനശ്രദ്ധ തിരിച്ചുവിടാൻ മറ്റു കാര്യങ്ങൾ പറയുന്നതാണ്. പലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ ശമ്പളം കിട്ടുമോ, വീട് കിട്ടുമോ, ഉരുട്ടി വിഴുങ്ങാൻ പറ്റുമോ. ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ് എന്നും സുരേന്ദ്രൻ കണ്ടെത്തി.

ധനകാര്യ കെടുകാര്യതയാണ് കേരളത്തിൽ നടക്കുന്നത്. നികുതി പിരിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ല. 40000കോടി രൂപ എങ്കിലും നികുതിയിനത്തിൽ സർക്കാരിന് കുടിശികയുണ്ട്. അത് തിരിച്ചെടുക്കാത്തതിനു കാരണം ഇവർ പാർട്ടിക്ക് മാസപ്പടി കൊടുക്കുന്നവരാണ് എന്നതാണ്. സർക്കാർ പരാജയമാണ്. അതിനു കേന്ദ്രത്തെ പഴിചാരുന്നു. ജനത്തിന്മേൽ അമിത ഭാരം അഴിച്ചേൽപ്പിക്കുന്നു. കേന്ദ്രസഹായം കിട്ടുന്നില്ലെങ്കിൽ അത് വ്യക്തമാക്കി ധവളപത്രം ഇറക്കാൻ സംസ്ഥാന സർക്കാർ തയാറുണ്ടോ. ഗവർണർ ധൂർത്ത് കാണിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ അത് അവസാനിപ്പിക്കണം. ഇതൊരു രാഷ്ട്രീയ പോരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran against Palestine Solidarity.