കണ്ടല ബാങ്ക് ക്രമക്കേട്: എൻ ഭാസുരാം​ഗനെ സിപിഐയിൽ നിന്നും പുറത്താക്കി

പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കാൻ രാവിലെ ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

0
148

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കാൻ രാവിലെ ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.

ഭാസുരാം​ഗന്റെ വീട്ടിലും ബാങ്കിലുമായി ഇഡി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആറിന് ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാലിനാണ് അവസാനിച്ചത്. റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന തുടങ്ങിയത്. എൻ.ഭാസുരാംഗൻ, മുൻ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രൻ, കെ മോഹനചന്ദ്ര കുമാർ, മാനേജർ എസ്. ശ്രീഗാർ, അപ്രൈസർ കെ.അനിൽകുമാർ എന്നിവരുടെ വീടുകളിലാണു പരിശോധന.