ഒരേസമയം 3000 കിലോമീറ്റർ അകലെയുള്ള കോളേജുകളിൽ നിയമപഠനം; കെ എസ് യു നേതാക്കൾ കുടുങ്ങി

കെ എസ് യു നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകരായി എൻറോൾ ചെയ്തു

0
144

കൊല്ലം: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ഹാജരാക്കി കെ എസ് യു നേതാക്കൾ അഭിഭാഷകരായി എൻറോൾ ചെയ്തു. അതീവ ഗുരുതരമായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കെ എസ് യു കൊല്ലം മുൻ വൈസ് പ്രസിഡന്റും നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയുമായ കൗശിക് എം ദാസ്, വിഷ്ണു വിജയൻ എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അഭിഭാഷകനായി എൻറോൾ ചെയ്തത്. രാജസ്ഥാൻ ചുരുവിലെ ഓ പി ജെ എസ് സർവകലാശാലയുടെയും ഉത്തർപ്രദേശിലെ ഗ്ലൂക്കൽ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളും മറ്റു പടനാരേഖകളും ഉപയോഗിച്ചാണ് ഇവർ ഇക്കുറി അഭിഭാഷകനായി എൻറോൾ ചെയ്തത്. ഇത് സംബന്ധിച്ച് സംസ്ഥാന ബാർ കൗൺസിലിനും പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാർ കൗൺസിൽ പൊലീസിൽ പരാതി നൽകി.

വിഷ്ണു വിജയൻ ഒരേസമയം കൊട്ടിയം എൻഎസ്എസ് ലോ കോളേജിലും രാജസ്ഥാനിലെ ഓ പി ജെ എസ് സർവകലാശാലയിലും പഠിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. കൊട്ടിയത്ത് നിന്നും ചുരുങ്ങിയത് മൂവായിരം കിലോമീറ്റർ ദൂരമുണ്ട് രാജസ്ഥാനിലേക്ക്. ഒരേ സമയത്ത് ഇത്രയും കിലോമീറ്റർ ദൂരമുള്ള കോളേജുകളിൽ ഒരാൾ എങ്ങനെ പഠിച്ചുവെന്ന് അത്ഭുതം കൂറുകയാണ് പൊലീസും.

രാജസ്ഥാനിലെ സർവകലാശാലയിൽ നിയമം പഠിച്ചുവെന്ന് ഉള്ള രേഖകൾ വെച്ചാണ് ഇരുവരും അഭിഭാഷകനായി എൻറോൾ ചെയ്തതത്. രാജസ്ഥാനിൽ പഠിക്കുന്ന സമയത്ത് കൊട്ടിയത്തെ എൻ എസ് എസ് ലോ കോളേജിൽ പഠിച്ചതിന്റെയും തെളിവുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.