ഡൽ​ഹി ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

4 മാസത്തിനിടെ ഡൽഹി ഐഐടിയിലെ മൂന്നാമത്തെ ആത്മഹത്യയാണിത്.

0
251

ന്യൂഡൽഹി: ഐഐടി വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലാം വർഷ ബി ടെക് വിദ്യാർഥിയായ പനവ് ജെയിനി(23)നെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ വീട്ടിലായിരുന്നു സംഭവം. വൈകിട്ട് നടക്കാൻ പോയ ശേഷം മടങ്ങിയെത്തിയ മാതാപിതാക്കളാണ് വ്യായാമം ചെയ്യുന്ന കമ്പിയിൽ തൂങ്ങിയ നിലയിൽ പനവിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നതായും വിദ്യാര്‍ഥിയുടെ പിതാവ് പൊലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 4 മാസത്തിനിടെ ഡൽഹി ഐഐടിയിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. ജൂലൈയിലും സെപ്തംബറിലും രണ്ട് വിദ്യാർഥികൾ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: IIT student dies by suicide at home in east Delhi, third case in 2023.