ട്രെയിൻ യാത്രക്കാരനെ അടിച്ചുവീഴ്‌ത്തി 50,000 രൂപയുടെ ഫോണും കാശും കവർന്നു; മൂന്നുപേർ പിടിയിൽ

അറസ്റ്റിലായവരിൽ രണ്ടുപേർ തിരുവനന്തപുരം സ്വദേശികൾ.

0
279

കൊച്ചി: ട്രെയിൻ യാത്രക്കാരനെ അടിച്ചുവീഴ്‌ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽഫോൺ, പേഴ്‌സ് എന്നിവ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ. കടവന്ത്ര ഗാന്ധിനഗർ കോളനി ഊത്തുപ്പിള്ളിപ്പറമ്പ് വിബിൻ (21), നെയ്യാറ്റിൻകര പൂവാർ വിദ്യാഭവൻ നിതിൻ (21), തിരുവനന്തപുരം പൊഴിയൂർ ഫിഷർമെൻ കോളനി സ്വദേശി നോബിൾ (21) എന്നിവരെയാണ് കടവന്ത്ര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കടവന്ത്ര കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനുസമീപം കഴിഞ്ഞദിവസമാണ്‌ സംഭവം. കവർച്ചയ്ക്കുശേഷം ബംഗളൂരുവിലേക്ക്‌ രക്ഷപ്പെടുന്നതിനായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികളെ കടവന്ത്ര എസ്‌ഐ മിഥുൻ മോഹൻ, അസിസ്റ്റന്റ്‌ എസ്‌ഐമാരായ സനീഷ്, ദിലീപ്, സീനിയർ സിപിഒമാരായ രതീഷ്, അനിൽകുമാർ, ബിബിൻ സി ഗോപാൽ, സുമേഷ് എന്നിവർ ചേർന്നാണ്‌ പിടികൂടിയത്‌. പ്രതികൾ മോഷ്ടിച്ച 50,000 രൂപയുടെ മൊബൈൽഫോണിന്റെ സ്‌ക്രീൻ ലോക്ക് തിരുവനന്തപുരത്തുള്ള ഐടി വിദഗ്‌ധരായ കൂട്ടാളികളുടെ സഹായത്തോടെ തുറന്നിരുന്നു. തുടർന്ന് എറണാകുളം പെന്റാ മേനകയിലുള്ള കടയിൽ വിറ്റു.

സൈബർ സെല്ലിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്‌. ഇവർ ഉപയോഗിച്ച കത്തിയും കണ്ടെത്തി. മൂന്നുപേരും കൊച്ചി നഗരത്തിലെ നിരവധി കവർച്ച, മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ്. മൂവരെയും കോടതി റിമാൻഡ്‌ ചെയ്തു.

English Summary: Train passenger beaten up, phone worth Rs 50,000 stolen.