കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു

0
124

കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്.ലിബിനയ്ക്ക് ദേഹത്ത് 90% പൊള്ളലേറ്റിരുന്നു.

സ്‌ഫോടനത്തില്‍ ഇതുവരെ 3 പേരാണ് മരിച്ചത്. തൊടുപുഴ കാളിയാര്‍ സ്വദേശിനി കുമാരി, പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ സ്വദേശി ലയോണ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. ദില്ലിയില്‍ നിന്നെത്തിയ എൻ എസ് ജി സംഘവും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും. എൻ ഐ എ സംഘം ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.

അതേസമയം, കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റ് 41 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റ നാല് പേരെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും 17 പേര്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും സംഭവത്തില്‍ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്കാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും നിയമപരമായ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.