ചിക്കൻ റോളും ബർഗറും കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധ

0
270

തിരുവനന്തപുരം: അമ്പൂരിയിൽ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. എല്ലാവരും ആശുപത്രിയിൽ ചികിത്സതേടി. ഇതിൽ എട്ടു പേർ അമ്പൂരിയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സയിൽ തുടരുന്നു.കൂട്ടപ്പൂ വട്ടക്കുടി വീട്ടിൽ ശ്രീധരൻനായർ, ഐശ്വര്യ, ഹരികൃഷ്ണൻ, അമ്പൂരി തട്ടാമുക്ക് തുരുത്തേൽ ഏലമിൽ സണ്ണി ജോസഫ്, ലീറ്റാ, അമ്പൂരി പാലക്കാട്ടു ഹൗസിൽ സിൽവി, എൽസ മറിയ ഫെബിൻ, തുടിയാംകോണം വെള്ളപള്ളി വീട്ടിൽ ലിസമ്മ, നോയൽ, അമ്പൂരി കുരുംകുറ്റിയാണിയിൽ സാന്റി ഷിജു, തട്ടാമുക്ക് കരിംപാണിയിൽ നീതു എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബേക്കറി ഉടമ സണ്ണി ജോസഫും ചികിത്സയിലാണ്. ചികിത്സയിലുള്ളവർ അമ്പൂരിയിലെ സാൻജോ ബേക്കറിയിൽനിന്ന്‌ കഴിഞ്ഞദിവസമാണ് ചിക്കൻറോളും ബർഗറും വാങ്ങി കഴിച്ചത്. തുടർന്ന് ഛർദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ബേക്കറി സീൽ ചെയ്തു.