വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍

0
4730

വയനാട് ചെതലയത്ത്‌ ഭാര്യയെയും മകനെയും വെട്ടിക്കൊന്നശേഷം ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു. പുത്തൻ പുരക്കൽ ഷാജു( 56)വാണ്‌ ഭാര്യ ബിന്ദു(49)വിനേയും മകൻ ബേസിലി(28)നേയും വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ്‌ കൊലപാതകവും ആത്മഹത്യയുമെന്നാണ്‌ പ്രാഥമിക നിഗമനം.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഷാജു വീട്ടിലേക്ക് വരരുതെന്ന് കോടതി ഉത്തരവുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഷാജു വീട്ടില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബന്ധുക്കള്‍ ബിന്ദുവിനെയും ബിന്ദുവിന്റെ മകനെയും വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സമീപവാസികളോട് അന്വേഷിക്കാന്‍ പറഞ്ഞു.

സമീപവാസികള്‍ വന്നുനോക്കുമ്പോഴാണ് ബിന്ദുവിനെയും ബേസിലിനെയും വീട്ടില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയ നിലയില്‍ ഷാജുവിന്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.