പാചകമറിയാത്തത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതി

2012ൽ വിവാഹിതനായ തൃശൂർ സ്വദേശിയായ യുവാവാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്.

0
534

കൊച്ചി: പങ്കാളിക്ക് പാചകമറിയാത്തത് വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. കുടുംബ കോടതി വിവാഹമോചന ഹർജി തള്ളിയതിനെതിരെ തൃശൂർ സ്വദേശിയായ യുവാവ് സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ ഭക്ഷണം ഉണ്ടാക്കി നൽകാത്തത് വിവാഹമോചനത്തിന് കാരണമാകുന്ന ക്രൂരതകളിൽ പെടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2012ൽ വിവാഹിതനായ തൃശൂർ സ്വദേശിയായ യുവാവാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. ഇത് തള്ളിയതിനു പിന്നാലെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ് ഏഴ് മാസങ്ങൾക്ക് ശേഷം ഭാര്യ വഴക്കിട്ട് പോയെന്നും ബന്ധുക്കളുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചു എന്നുമായിരുന്നു വിദേശത്ത് ജോലി ചെയ്തിരുന്ന യുവാവിന്റെ പരാതി.

വിദേശത്തെ തന്റെ തൊഴിലുടമക്ക് പങ്കാളി ഇമെയിൽ അയച്ചെന്നും അത് തന്റെ ജോലി കളയാൻ വേണ്ടിയായിരുന്നു എന്നും ഹരജിക്കാരൻ വാദിച്ചു. ഒരിക്കൽ തന്റെ ശരീരത്തിൽ തുപ്പിയതായും പറയുന്ന ഹരിജിക്കാരൻ നേരത്തെ വനിത സെല്ലിലും കോടതിയിലും പരാതി നൽകിയിരുന്നു. എന്നാൽ ഹർജിക്കാരന്റെ വാദങ്ങളെ പങ്കാളി പൂർണമായും തള്ളി. ഭർത്താവിന്റെ പെരുമാറ്റ വൈകല്യത്തിന്റെ കാരണങ്ങൾ തേടിയാണ് തൊഴിലുടമക്ക് ഇമെയിൽ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം. പ്രസ്തുത ഇമെയിൽ പരിശോധിച്ച ഹൈക്കോടതി പങ്കാളിയുടെ വിശദീകരണം ശരിവെക്കുകയും ചെയ്തു.

ഭർത്താവ് തന്നെ ശാരീരികമായി അധിക്ഷേപിച്ചെന്നും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്തെന്നും പങ്കാളി പറഞ്ഞു. ഭർത്താവിന്റെ അമ്മ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണെന്നും താൻ സ്വയം ഇറങ്ങിപ്പോയതല്ലെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു. ഭാര്യയുടെ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി കുടുംബകോടതിയുടെ ഉത്തരവിൽ അപാകതയില്ലെന്ന് കണ്ടെത്തി അപ്പീൽ തള്ളി.