ഗാസയോട് മാനുഷിക പരിഗണനയില്ല; കരയുദ്ധ സൂചനയുമായി ഇസ്രയേൽ, 11 ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശം

ഹമാസിനെ ഐഎസിനെപ്പോലെ നേരിടുമെന്ന്‌ നെതന്യാഹു.

0
259
ഗാസ മുനമ്പ് അതിർത്തിയിൽ ഇസ്രയേൽ സൈനികവാഹനങ്ങൾ വിന്യസിച്ചപ്പോൾ. ഫോട്ടോ കടപ്പാട്: എ എഫ് പി.

ഗാസ/ടെൽ അവീവ്: 1500 പേരെ കൊന്നൊടുക്കിയ വ്യോമാക്രമണത്തിനുപിന്നാലെ കരയുദ്ധ സൂചനയുമായി ഇസ്രയേൽ. മാ​നു​ഷി​ക സ​ഹാ​യത്തിനുള്ള സമയം പോ​ലും ന​ൽ​കാ​തെ കടുത്ത ആക്രമണം നടത്തുന്ന ഇസ്രയേൽ, വടക്കൻ ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഇസ്രയേലി സൈന്യം ഐക്യരാഷ്ട്രസഭയോട് (യുഎന്‍) ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്ക് വ്യക്തമാക്കി. ഇതിനോടകം മൂന്നരലക്ഷം പ​ല​സ്തീ​ൻ​കാ​ർ കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട​താ​യാണ് റിപ്പോർട്ടുകൾ. തട​വി​ലാ​ക്കി​യ മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ ഗാസയ്​ക്ക് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പിൻവലിക്കില്ലെന്ന് കടുംപിടുത്തം തുടരുകയാണ് ഇ​സ്ര​യേ​ൽ.

സമാനതകളില്ലാത്ത ആക്രമണത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നു എന്നതിന്റെ സൂചനയാണ് പുതിയ ആവശ്യമെന്ന് വ്യക്തമാണ്. നിലവില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അഭയം തേടാന്‍ സുരക്ഷിതമായ ഒരിടമില്ലാത്ത അവസ്ഥയാണ്. രണ്ട് ദശലക്ഷത്തിധികം പൗരന്‍മാര്‍ക്കെതിരെ വംശഹത്യ നടത്തണമെന്നാണ് ഇസ്രയേല്‍ സേന അവരുടെ സൈന്യത്തിന് നൽകിയ നിർദേശം. കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നിട്ടും ഗാസയിൽ കനത്ത ബോംബാക്രമണം തുടരുകയാണ്. ഹമാസുമായുള്ള യുദ്ധം ആറുദിവസം പിന്നിട്ടപ്പോൾ ഗാസയിലെ ജനങ്ങൾക്കുനേരെ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ് ഇസ്രയേൽ. ആരും ധാർമികത പ്രസംഗിക്കേണ്ടെന്നും ഗാസ മുനമ്പിൽ ഒരു മാനുഷിക പരിഗണനയുമുണ്ടാകില്ലെന്നും ഊര്‍ജമന്ത്രി ഇസ്രയേല്‍ കാട്‌സ്‌ വ്യക്തമാക്കി. ഹമാസ്‌ ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കാതെ മേഖലയിലേക്ക്‌ വെള്ളവും വൈദ്യുതിയും ഇന്ധനവും അനുവദിക്കില്ല. ഒരു വൈദ്യുതി സ്വിച്ചും ടാപ്പും പ്രവർത്തിക്കില്ലെന്ന്‌ ഉറപ്പാക്കും– കാട്‌സ്‌ പറഞ്ഞു.

യുദ്ധത്തില്‍ മരണം 4200 കടന്നതായി റിപ്പോർട്ടുകൾ. ഗാസയിൽ 450ലധികം കുട്ടികളും 250ലധികം സ്ത്രീകളുമാണ്‌ കൊല്ലപ്പെട്ടത്‌. നുസറത്ത്‌ ഉൾപ്പെടെ അഭയാർഥി ക്യാമ്പുകളിലേക്കും രൂക്ഷ വ്യോമാക്രമണമാണ്‌. വ്യാഴാഴ്ച മാത്രം 151 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1471 ആയി. 6000 പേർക്ക്‌ പരിക്കേറ്റു. അഭയാര്‍ത്ഥി ക്യാമ്പിലെ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. കെ​ട്ടി​ട​ങ്ങ​ളും സാധാ​ര​ണ വീ​ടു​ക​ളും ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ബോം​ബു​ക​ളും വർഷിച്ച ആ​​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോളമാണ് നീണ്ടുനിന്നത്. ഇസ്രയേലിന് സൈനികസഹായം നല്‍കാന്‍ തയ്യാറാകുന്ന പാശ്ചാത്യരാജ്യങ്ങള്‍ പലസ്തീനികളെ കൊലപ്പെടുത്തുന്നതില്‍ പങ്കാളിത്തം വഹിക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഹമാസിനെ ഐഎസിനെയെന്നപോലെ നേരിടുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെത്തിയ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനോടൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിന്‌ അമേരിക്ക എല്ലാ സഹായവും നൽകുമെന്ന്‌ ബ്ലിങ്കൻ പ്രഖ്യാപിച്ചു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നുതരിപ്പണമായ ഗാസയിലെ യാസിൻ പള്ളിയും പരിസരങ്ങളും. ഫോട്ടോ: എ പി.

വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന ഇസ്രയേലി സൈന്യത്തിന്റെ ആവശ്യം നിലവിലെ സാഹചര്യത്തെ അത്യന്തം വിനാശകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.1 മില്യണ്‍ ആളുകളെ ബാധിക്കുന്നതാണ് ഈ നിർദേശം. ഉത്തരവ് റദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
ഗാസയിലെ ആശുപത്രികൾ മോർച്ചറികളായി മാറുകയാണെന്ന്‌ റെഡ്‌ ക്രോസ്‌ റീജണൽ ഡയറക്ടർ ഫാബ്രിസിയോ കാർബോണി പറഞ്ഞു. ഡീസൽ തീർന്നതോടെ ഗാസയിലെ ഏക വൈദ്യുതനിലയത്തിന്റെ പ്രവർത്തനം ബുധനാഴ്ച തന്നെ പ്രവർത്തനരഹിതമായി. ഐസിയുവിലും വെന്റിലേറ്ററുകളിലുമുള്ള രോഗികളുടെ ശ്വാസംനിലയ്ക്കുന്ന സ്ഥിതിയാണ്‌. ശസ്ത്രക്രിയകളും ഡയാലിസിസുമടക്കം അവശ്യസേവനങ്ങളും നൽകാനാകുന്നില്ല. ഫോസ്‌ഫറസ്‌ ബോംബാക്രമണങ്ങളിൽ പരിക്കേൽക്കുന്ന കുട്ടികളുൾപ്പെടെ ചികിത്സിക്കാനുള്ള മരുന്നോ ഉപകരണങ്ങളോ ലഭ്യമല്ല. ആശുപത്രികൾ പരിക്കേറ്റവരെയും മൃതദേഹങ്ങളെയുംകൊണ്ട്‌ നിറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരെയും ഫീൽഡിലുള്ള റെഡ്‌ ക്രോസ്‌, റെഡ്‌ ക്രെസന്റ്‌ പ്രവർത്തകരെയും വ്യാപകമായി ആക്രമിക്കുന്നു.

ഹമാസുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ അയൽരാജ്യമായ സിറിയയിലെ രണ്ട്‌ പ്രധാന വിമാനത്താവളങ്ങളും കടന്നാക്രമിച്ചു. തലസ്ഥാനമായ ഡമാസ്കസിലെയും വടക്കൻ നഗരം ആലെപ്പോയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായിരുന്നു വ്യോമാക്രമണം. റൺവേകൾ തകർന്നതോടെ സിറിയയിലേക്കും അവിടെനിന്ന്‌ പുറത്തേക്കുമുള്ള വിമാന സർവീസുകൾ മുടങ്ങി. ഇറാൻ വിദേശമന്ത്രി വെള്ളിയാഴ്ച സിറിയ സന്ദർശിക്കാനിരിക്കെയാണ്‌ ആക്രമണം. കൂടാതെ ലബനനിൽ ബോംബാക്രമണവും നടത്തി. ഹിസ്‌ബുള്ളയുടെ ആക്രമണം നേരിടാൻ വടക്കൻ മേഖലയിൽ കൂടുതൽ സൈന്യത്തെയും വിന്യസിച്ചു. ഇരുരാജ്യങ്ങളിൽ നിന്നും തങ്ങൾക്ക്‌ നേരെ അക്രമമുണ്ടായതിന്റെ തിരിച്ചടിയായാണ്‌ വ്യോമാക്രമണമെന്നാണ്‌ ഇസ്രയേലിന്റെ പ്രതികരണം.

English Summary: Israel prepares for likely ground invasion.