ഉളിക്കലിൽ ഒറ്റയാൻ ചവിട്ടിക്കൊന്ന ഗൃഹനാഥനെ തിരിച്ചറിഞ്ഞു; മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്ച

നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

0
1234

കണ്ണൂർ: ഉളിക്കലിൽ ഒറ്റയാൻ ഓടിയ വഴിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്രശേരിയിൽ ജോസ് (70) അണ് മരിച്ചത്. ഒറ്റയാൻ്റെ ചവിട്ടേറ്റാണ് മരണം സംഭവിച്ചത്. ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ കൊലപ്പെടുത്തിയ ജോസിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്. കാട്ടാന തിരിഞ്ഞോടുന്നതിനിടെ ചവിട്ടിക്കൊന്നതാണെന്നാണ് സംശയം.

ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി പരിക്കുകളുണ്ട്. ഉളിക്കൽ പഞ്ചായത്ത് മാർക്കറ്റിനടുത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ്, ഉളിക്കൽ ടൗണിലേക്കിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് വ്യാഴഴ്ച രാവിലെ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഉളിക്കൽ പഞ്ചായത്ത് മാർക്കറ്റിനടുത്ത് മൃതദേഹം കണ്ടെത്തിയത്.

ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് സ്ഥിരീകരിച്ചു. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉളിക്കൽ ടൗണിലെ മാർക്കറ്റിനടുത്താണ് ജോസിന്റെ മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജോസിന്റെ മൃതദേഹം. ശരീരത്തിൽ ആനയുടെ ചവിട്ടേറ്റ പാടുകളുണ്ടായിരുന്നു.

നെല്ലിക്കാംപൊയിലിലെ വീട്ടിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് ജോസ് ഇറങ്ങിയത്. പള്ളിയുടെ പറമ്പിലുള്ള ആനയെ പടക്കം പൊട്ടിച്ചു തുരത്തുന്നതിന് മുന്നോടിയായി വനംവകുപ്പ് സ്ഥലത്തുള്ളവരെ മാറ്റിയിരുന്നു. ബൈക്ക് പള്ളി മുറ്റത് നിർത്തിയിട്ട് പോയ ജോസിന് നാട്ടുകാർ മുന്നറിയിപ്പും നൽകിയിരുന്നു. ജോസിന്റെ സംസ്കാരം വൈകിട്ട് അഞ്ചിന് നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ആലീസ്. മക്കള്‍: മിനി, സിനി, സോണി, സോജന്‍. മരുമക്കള്‍: സജി, ഷിജി, മനോജ്, ടീന. സഹോദരങ്ങള്‍: വർഗീസ്, കുഞ്ഞച്ചന്‍ സെബാസ്റ്റ്യന്‍, (സണ്ണി) ബെന്നി,ഇമ്മാനുവല്‍ (വക്കച്ചന്‍) സാലി പരേതനായ വിന്‍സെന്‍റ്.

ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ഉളിക്കലിലിറങ്ങിയത്. ആനയിറങ്ങിയ പ്രദേശത്തിന് തൊട്ടടുത്ത് ജനത്തിരക്കുള്ള ഉളിക്കൽ പട്ടണം ആയതിനാൽ ആയതിനാൽ വനംവകുപ്പ് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആനയെ തിരിച്ച് വനത്തിലേക്ക് തന്നെയയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടു.

മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാന നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്.

അതിനിടെ, ഉളിക്കലിലിറങ്ങിയ കാട്ടാന കാട് കയറിയതായി വനപാലകർ അറിയിച്ചു. കർണാടക അതിർത്തിയിലുള്ള മാട്ടറ ഉൾവനത്തിലേക്കാണ് ആന കയറിയത്. കാട് കയറാൻ കൂട്ടാക്കാതിരുന്ന ആന രാത്രി മുഴുവൻ ചോയിമടയിലെ തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. പുലർച്ചെയോടെയാണ് കാടുകയറിയത്. ആനയെ കണ്ട് ഭയന്നോടി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഉളിക്കലിൽ ഇറങ്ങിയ ആനയെ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ജനവാസ മേഖലയിൽ നിന്ന് നീക്കിയത്. ആന തിരികെ കാടിറങ്ങുന്നത് തടയാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

English Summary: Wild Elephant moved to the Matara Forest.