കണ്ണൂർ: കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതോടെ ഉളിക്കലില്‍ നാട്ടുകാര്‍ ആശങ്കയില്‍. വയത്തൂര്‍ വില്ലേജിലെ അങ്കണവാടികൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കി. വനംവകുപ്പ് അധികൃതർ നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ ഉള്ളത്. ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്. പത്തു കിലോമീറ്റര്‍ ദൂരത്തിലായാണ് വനമേഖലയിലുള്ളത്. വൈകിട്ടോടെ തന്നെ കാട്ടിലേക്ക് തുരത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് വനംവകുപ്പ്. ആന ഓടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്.
രാത്രിയില്‍ കാട്ടാനക്ക് സഞ്ചാര പാത ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഉളിക്കലില്‍നിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നുള്ള ലത്തീന്‍ പള്ളിക്ക് സമീപത്തെ പറമ്പിലാണ് ആന ആദ്യം നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസകേന്ദ്രത്തിലെത്തുകയായിരുന്നു. മയക്കുവെടിവെക്കാനുള്ള സാധ്യതയും ഇപ്പോഴില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മയക്കുവെടിയേറ്റാല്‍ ആന ജനവാസകേന്ദ്രങ്ങളിലേക്ക് ഓടാന്‍ സാധ്യതയുണ്ട്. സ്ഥലത്തേക്ക് ആളുകള്‍ വരരുതെന്നാണ് വനംവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ആനയെ കണ്ട് ഭയന്നോടിയ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്.
കണ്ണൂര്‍ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയെ ആദ്യം കണ്ടത്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കി. വനംവകുപ്പും പൊലീസും ആര്‍ആര്‍സി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചുറ്റും ജനവാസമേഖലയായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആനയെ വനത്തിലേക്ക് തുരത്തുന്നത് വെല്ലുവിളിയാണ്.
English Summary: Wild Tusker in residential at Ulikkal.