കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ മുഖ്യപ്രതിയായ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരായേ പറ്റൂവെന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശം നൽകി. കേസിൽ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.
കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെതടക്കം പ്രതികളുടെ ഏഴ് അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽ പോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനിൽക്കില്ലെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറും വാദിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ.
മണികണ്ഠറൈ, സുരേഷ് നായിക്, സുനില്‍ നായിക് എന്നിവരാണ് സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ബാലകൃഷ്ണഷെട്ടിയും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് ലോകേഷ് നോണ്ടയുമാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സുന്ദരയുടെ വെളിപ്പെടുത്തലിനെതുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ പട്ടിക ജാതി- പട്ടികവർഗ്ഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
English Summary: Manjeswaram Case; K Surendran’s plea will be considered on 25th.