‘ബാഗിൽ ബോംബൊന്നുമില്ലെന്ന്’ മറുപടി; ഒടുവിൽ ജയിൽവാസവും പിന്നെ നാടുകടത്തലും

വാക്കുകൾ കൈവിട്ടുപോയതോടെ തമിഴ്‌നാട് സ്വദേശിയാണ് കുടുങ്ങിയത്.

0
124

ദമ്മാം: വിമാനത്താവളത്തിലെ പരിശോധനക്കിടയിൽ മറുപടി പറയവേ വാക്കുകൾ കൈവിട്ടുപോയതോടെ തമിഴ്‌നാട് സ്വദേശിക്ക് കിട്ടിയത് ജയിൽവാസവും പിന്നെ നാടുകടത്തലും. സുരക്ഷാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതെന്നും പരിശോധനകളോട് സഹകരിക്കാത്തതിനുമാണ് ഈ ശിക്ഷ. ശിക്ഷക്ക് വിധേയനായ യുവാവിന്റെ ഭാര്യ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്.

വർഷങ്ങളായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന വ്യക്തിയാണ് ശിക്ഷിക്കപ്പെട്ടത്. ദമ്മാമിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യാൻ ദമ്മാം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയാണ് എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ഫ്ളൈ ദുബൈ വിമാനത്തിൽ ടിക്കറ്റെടുത്ത ഇദ്ദേഹം ബാഗേജ് ചെക്കിങ്ങിനിടെയാണ് പിടിയിലാകുന്നത്. സംശയകരമായ രീതിയിൽ പെരുമാറിയപ്പോൾ ബാഗിലെന്താണെന്ന് ചോദിച്ചു. ചോദ്യം ആവർത്തിച്ചതോടെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥയോട് ക്ഷുഭിതനായ യാത്രക്കാരൻ ബാഗിൽ ബോംബൊന്നുമില്ലെന്ന മറുപടി നൽകി. ഇത് ഉദ്യോഗസ്ഥ എയർപോർട്ട് സുരക്ഷാ വിഭാഗത്തെ അറിയിച്ചു. കുതിച്ചെത്തിയ ഡോഗ് സ്വക്വാഡ് അടക്കമുള്ള സുരക്ഷാ വിഭാഗം യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. പിന്നാലെ ഒരു മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്താൻ കോടതി ഉത്തരവിടുകയും ചെയ്തതായി സംഭവത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു. എംബസി സഹായത്തോടെ നിയമസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് വന്നതിനാൽ ശ്രമങ്ങൾ വിജയിച്ചില്ല.

English Summary: Replied there was no bomb in the bag; indian arrested at dammam.