ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും; മത്സരങ്ങള്‍ ട്വന്റി 20 ഫോര്‍മാറ്റിൽ

128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റിന്റെ മടങ്ങിവരവ്.

0
312

ലൊസാനെ: ഒളിമ്പിക്‌സിൽ ഇനി ക്രിക്കറ്റും പൊടി പാറും. ഒളിംപിക്‌സ് മത്സരയിനമായി ക്രിക്കറ്റിനെ കൂടി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര
ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. 2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റിനെ മത്സരയിനമാകുക. മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണ. നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിന്റെ മടങ്ങിവരവെന്ന് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.

ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ക്രിക്കറ്റിന് പുറമെ ഫ്ലാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ എന്നീ ഇനങ്ങളും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോസ് ഏഞ്ചല്‍സും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഒളിമ്പിക് പ്രോഗ്രാം കമ്മീഷനും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ 141-ാം സെഷനില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് പറയുന്നു.

2024 ഒളിംപിക്‌സ് പാരീസിലാണ് നടക്കുന്നത്. ഇതില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാരീസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് വേണമെന്ന വാദം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. 1896ലെ ഏഥന്‍സ് ഒ‍ളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരിക്കാന്‍ ടീമുകള്‍ ഇല്ലാത്തതിനാല്‍ ഒ‍ഴിവാക്കി. 1900 ല്‍ പാരിസ് ഒളിമ്പിക്സ് ബ്രിട്ടന്‍, ബെല്‍ജിയം, ഹോളണ്ട് ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വന്നെങ്കിലും ബെല്‍ജിയവും ഹോളണ്ടും പിന്മാറി. പിന്നീട് ആകെ നടന്ന ഒറ്റ മത്സരിത്തൂലൂടെ ബ്രിട്ടന്‍ സ്വര്‍ണവും ഫ്രാന്‍സ് വെള്ളിയും നേടി.

English Summary: Cricket to make summer Olympics return after 128 years for 2028 LA Games.