മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍

എല്ലാ ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനം.

0
115

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാര്‍ ഓങ്കോളജി തുടങ്ങിയ ലാബുകള്‍ക്കാണ് അക്രഡിറ്റേഷന്‍ ലഭ്യമായത്. എല്ലാ ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണിത്. ഈ ലാബുകള്‍ക്ക് ആരോഗ്യ സ്ഥാപനത്തിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന എന്‍എബിഎച്ച് പുന:അംഗീകാരവും ലഭിച്ചു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഉള്‍പ്പെടെയുള്ള പ്രധാന ലാബുകള്‍ എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബുകളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കൃത്യമായ ലാബ് പരിശോധനയെന്നത് പരമപ്രധാനമാണ്. ഈ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ദേശീയ തലത്തില്‍ നല്‍കുന്ന സുപ്രധാനമായ അംഗീകാരമാണ് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍. നിരവധി മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയാണ് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ നല്‍കുന്നത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തിയിരുന്നു. ഒപ്പം നൂതന ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കിയത്. കുട്ടികളിലെ കണ്ണിന്റെ കാന്‍സറിന് എംസിസിയില്‍ നൂതന ചികിത്സയൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ സജ്ജമാക്കി. റോബോട്ടിക് സര്‍ജറി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രമാക്കി വരുന്നു. 2 ഡി എം ഓങ്കോപത്തോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കി.

ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി ആരംഭിച്ചു. 200ലധികം വിവിധ തരത്തിലുള്ള ബോണ്‍മാരോ ട്രാന്‍പ്ലാന്റേഷന്‍ നടത്തി. ന്യൂക്ലിയര്‍ മെഡിസിനില്‍ ഡോറ്റ തെറാപ്പി, ഹൈ ഡോസ് അയഡിന്‍ തെറാപ്പി എന്നിവ ആരംഭിച്ചു. ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തുന്നു. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന് ആവശ്യമായ ഏറ്റവും പ്രധാന ചികിത്സയായ ടോട്ടല്‍ ബോഡി റേഡിയേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ എംസിസിയുടെ നേതൃത്വത്തില്‍ 5 ജില്ലകളില്‍ ഡിസ്ട്രിക് കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.

English Summary: NABL Accreditation for all Labs at Malabar Cancer Centre.