പൊലീസുകാരന്‍റെ ആത്മഹത്യ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറല്‍ എസ്പി.

0
119

എറണാകുളം: സഹപ്രവർത്തകർക്കെതിരെ കുറിപ്പെഴുതി വെച്ച് പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച നാല് പൊലീസുദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. അഡീഷണല്‍ എസ്പി കെ ബിജുമോന് ആണ് അന്വേഷണ ചുമതല. ബുധനാഴ്ച വൈകിട്ട് കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജോബി ദാസിനെയാണ് മൂവാറ്റുപുഴയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജോബി ദാസിന്‍റെ ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്നും കണ്ടെത്തിയിരുന്നു. മുതിര്‍ന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്പി വിവേക് കുമാര്‍ നിര്‍ദേശിച്ചത്. കൂടെ ജോലി ചെയ്തവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ ജോബി ഉന്നയിച്ചിട്ടുള്ളത്. തന്റെ ശമ്പള വർധനക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപിക്കുന്നു.

കുറച്ചു നാളുകളായി താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കത്തിലുണ്ട്. മരണശേഷം തന്റെ മൃതദേഹം ഇവരെ കാണാൻ അനുവദിക്കരുതെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ‘എന്റെ ഇൻക്രിമെന്റ് ഇവർ മനപ്പൂർവം കളഞ്ഞിട്ടുള്ളതാണ്. വലിയ കൊള്ളക്കാരും പിടിച്ചുപറിക്കാരുടെയൊന്നും ഒരൊറ്റ ഇൻക്രിമെന്റും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇൻക്രിമെന്റ് കളഞ്ഞത്’. ഇനി ജീവിക്കണമെന്നില്ലെന്നും കത്തിൽ പറയുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ജോബിയുടെ മൃതദേഹം മുന്‍പ് ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കാണ് എത്തിച്ചത്. ഇവിടെ ജോബിയുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അന്തിമോപചാരം അർപ്പിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Suicide of policeman; departmental inquiry has been initiated.