ന്യൂസ്‌ക്ലിക്കിന് ന്യൂയോർക്കിൽ ഐക്യദാർഢ്യം; ന്യൂയോർക്ക് ടൈംസിന് മുന്നിൽ പ്രതിഷേധം

ന്യൂയോർക്ക് ടൈംസിന്റെ കള്ളങ്ങളാണ് ന്യൂസ്‌ക്ലിക്ക് റെയ്‌ഡിനു പിന്നിലെന്ന് പ്രതിഷേധക്കാർ.

0
145

ന്യൂയോർക്ക്: ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിനു നേരെ നടന്ന റെയ്‌ഡിൽ പ്രതിഷേധിച്ച് ന്യൂയോർക്കിലെ മാധ്യമപ്രവർത്തകരും ആക്‌ടിവിസ്റ്റുകളും. ന്യൂയോർക്ക് ടൈംസിന്റെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആ​ഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ ചൈനീസ് പാർടികളിൽ നിന്നും ന്യൂസ്‌ക്ലിക്ക് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും ഡൽഹി പൊലീസ് റെയ്‌ഡ് നടത്തിയത്.

ന്യൂയോർക്ക് ടൈംസിന്റെ കള്ളങ്ങളാണ് ന്യൂസ്‌ക്ലിക്ക് റെയ്‌ഡിനു പിന്നിൽ എന്നെഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കള്ളങ്ങളുടെ ഭാ​ഗമായാണ് ന്യൂസ്‌ക്ലിക്കിനെതിരെ ഇന്ത്യയിലെ മോഡി സർക്കാരിൽ നിന്നും ഇത്തരം നീക്കങ്ങളുണ്ടായതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സത്യം പറയുന്നതിന്റെ പേരിൽ മാധ്യമങ്ങളെ വേട്ടയാടുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടിനെതിരെയും പ്രതിഷേധം ഉയർന്നു.

ഇന്ത്യയിൽ നടന്ന കർഷകസമരത്തെ കൃത്യമായി വെളിച്ചത്തുകൊണ്ടുവന്നതിനാലാണ് ന്യൂസ്‌ക്ലിക്കിനെതിരെ ഇത്തരത്തിലുള്ള നടപടികളുണ്ടായതെന്നും ന്യൂസ്‌ക്ലിക്കിലെ യാഥാർഥ മാധ്യമപ്രവർത്തകർക്കൊപ്പം നിൽക്കുന്നുവെന്നും പ്രതിഷേധക്കാർ കുറിച്ചു. ന്യൂസ്‌ക്ലിക്ക് രണ്ട് വർഷമായി നേരിടുന്ന പ്രശ്‌നങ്ങൾക്ക് പുറകിലും ന്യൂയോർക്ക് ടൈംസിന്റെ ക്യാമ്പയിനാണെന്നും മോഡി സർക്കാർ മനഃപൂർവം ന്യൂസ്‌ക്ലിക്കിനെ ഉന്നം വെയ്‌ക്കുകയാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

English Summary: Journalists protest in front of the New York Times.