ഹരിപ്പാട്‌ വൻ വ്യാജ മദ്യവേട്ട; മദ്യനിർമാണകേന്ദ്രം കണ്ടെത്തി, 783 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു

വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും കണ്ടെടുത്തു.

0
211

ഹരിപ്പാട്: കാർത്തികപ്പള്ളി ചേപ്പാട്‌ വൻ വ്യാജമദ്യ നിർമാണകേന്ദ്രം എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡ്‌ കണ്ടെത്തി. വ്യാജ മദ്യം നിർമിച്ച് അര ലിറ്ററിന്റെ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്ന കേന്ദ്രമാണ് എക്‌സൈസ്‌ കണ്ടെത്തിയത്‌. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച്‌ സൂക്ഷിച്ചിരുന്ന 783 കുപ്പി വ്യാജമദ്യവും പടികൂടി. ഇവിടെനിന്ന് വ്യാജ സ്‌റ്റിക്കറും ഹോളോഗ്രാമുകളും പിടിച്ചെടുത്തു. സംഭവത്തിൽ വീട്ടുടമയായ സതീന്ദ്രലാലിനെ (47) കസ്റ്റഡിയിലെടുത്തു.

സതീന്ദ്രലാലിന്റെ വീടിന്റെ മുകളിലെ നിലയിലാണ്‌ വ്യാജമദ്യ നിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്നത്‌. ഇവിടെ ബ്ലേഡിങ്‌, ബോട്ടിലിങ്‌ യൂണിറ്റുകളടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തു. രണ്ട്‌ ദിവസം മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിന് വേണ്ടിയാണ്‌ ഇത്രയധികം കുപ്പികൾ തയ്യാറാക്കി വെച്ചിരുന്നത്‌.

ആലപ്പുഴ ജില്ലാ എക്സൈസ് വകുപ്പിന്റെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡാണ് വ്യാജ മദ്യ നിർമ്മാണം പിടികൂടിയത്. മദ്യ നിർമാണം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവ വ്യാജമായി നിർമിച്ചതടക്കമുള്ള കാര്യങ്ങളിൽ വിശദ അന്വേഷണം തുടങ്ങി.

English Summary: Illegal liquor seized in Harippad.