2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി

2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

0
400

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടി ആർബിഐ. സെപ്റ്റംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവർക്കും ഐ ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.

ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്.

English Summary: RBI extends deadline for exchange of Rs 2,000 notes to October 7.