ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം ചിതലരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

മകളുടെ വിവാഹത്തിനുവേണ്ടി ട്യൂഷന്‍ ക്ലാസും ചെറിയ ബിസിനസും നടത്തിയാണ് അധ്യാപിക ഈ തുക സ്വരൂപിച്ചത്.

0
42453

ലഖ്‌നൗ: മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപയില്‍ പകുതിയും ചിതലരിച്ച നിലയിൽ. കെവൈസി വെരിഫിക്കേഷന്‍റെ ഭാഗമായി ബാങ്ക് അധികൃതർ വിളിപ്പിച്ചതനുസരിച്ച് അധ്യാപിക ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഹൃദയം തകർക്കുന്ന രംഗം കണ്ടതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. ട്യൂഷന്‍ അധ്യാപികയായ അൽക്ക പഥക് ബാങ്കിൽ സൂക്ഷിച്ച രൂപയാണ് തിരിച്ചുകിട്ടാത്തവിധം ചിതലരിച്ച് നശിച്ചത്.

അൽക്ക പഥക് 2022 ഒക്ടോബറിലാണ് മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും സ്വർണാഭരണങ്ങളും ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ലോക്കറിൽ കൊണ്ടുപോയിവെച്ചത്. കെവൈസി പരിശോധനയ്ക്കുശേഷം ലോക്കർ തുറന്നുനോക്കാൻ ബാങ്ക് മാനേജർ നിർദ്ദേശിച്ചു. ഇതനുസരിച്ച് ലോക്കർ തുറന്ന അൽക്ക പഥക് ഞെട്ടി. ലോക്കറിനുള്ളിൽ സൂക്ഷിച്ച രൂപയിൽ ഭൂരിഭാഗവും ചിതലരിച്ച നിലയിലായിരുന്നു. ഇതോടെ പരിഭ്രാന്തയായ അവർ ബാങ്ക് മാനേജരെ വിവരമറിയിച്ചു. ബാങ്ക് മാനേജർ വന്ന് പരിശോധിച്ചതോടെയാണ് നോട്ടുകളെല്ലാം പൂർണമായും ചിതലരിച്ചതായി തിരിച്ചറിഞ്ഞത്.

ട്യൂഷന്‍ ക്ലാസും ചെറിയ ബിസിനസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇവർ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. മകളുടെ വിവാഹത്തിനുവേണ്ടിയാണീ തുക സ്വരൂപിച്ചത്. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോക്കറില്‍ കൊണ്ടുപോയി വെച്ചത്.

ലോക്കറില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളെക്കുറിച്ച് അറിയാതെ, ആഭരണങ്ങൾക്കൊപ്പം തന്നെയാണ് അല്‍ക്ക 18 ലക്ഷം രൂപയും നിക്ഷേപിച്ചത് എന്നാണ് ബാങ്ക് അധികൃതർ ഇപ്പോൾ പറയുന്നത്. ഇക്കാര്യത്തെപ്പറ്റി തനിക്ക് അറിയില്ലായിരുന്നുവെന്ന് അല്‍ക്ക പറഞ്ഞു. ബാങ്ക് അധികൃതർ ഇത് സൂചിപ്പിച്ചിട്ടില്ലെന്നും അവർ പറയുന്നു. സംഭവം ബ്രാഞ്ച് മാനേജർ ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്. എത്രത്തോളം പണമാണ് നഷ്ടമായതെന്ന് അന്വേഷണം നടക്കുകയാണ്. അൽക്കയുടെ പരാതിയിൽ ബാങ്ക് അധികൃതരും പൊലീസും അന്വേഷണം തുടങ്ങി.

ഈവർഷം ഫെബ്രുവരിയിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉദയ്പൂരിലെ ശാഖയിലും സമാന സംഭവം നടന്നതായി ‘ഫ്രീ പ്രസ് ജേണൽ’ റിപ്പോർട്ട് ചെയ്തു. സുനിത മേഹ്തയെന്ന യുവതി ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച തുകയാണ് ചിതലരിച്ച് നശിച്ചത്. രണ്ടേകാൽ ലക്ഷം രൂപയായിരുന്നു സുനിത ലോക്കറിൽ സൂക്ഷിച്ചത്. ഇതിൽ രണ്ടു ലക്ഷം രൂപയും ചിതലരിച്ച് നശിച്ചു. ലോക്കറിൽ പ്രത്യേകമായി സൂക്ഷിച്ച 15,000 രൂപ നാശോന്മുഖമായിത്തുടങ്ങി. സുനിത നൽകിയ പരാതിയിൽ അന്വേഷണം നടത്തി തുക തിരികെ ലഭ്യമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

English Summary: UP woman kept Rs 18 lakh in bank locker for daughter’s wedding.