കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും.
ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.
ഡിസംബർ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളുണ്ട്. മലയാള സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, ലോകസിനിമ,ഫെസ്റ്റിവൽ ഫേവറിറ്റ്സ്, കൺട്രി ഫോക്കസ്, റെട്രോസ്പെക്റ്റീവ്, ‘ദ ഫിമേൽ ഗേയ്സ്’ ,ലാറ്റിനമേരിക്കൻ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷൻ, റെസ്റ്റോർഡ് ക്ളാസിക്സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ 177 സിനിമകൾ പ്രദർശനത്തിനുണ്ട്. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ഡിസ്‌കഷൻ എന്നിവയും ഉണ്ടാകും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.