നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍

0
132

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായിരിക്കുന്നത്. നടനും കാസ്റ്റിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച രാജേഷ് മാധവന്റെ ആദ്യ സംവിധാന ചിത്രവും പണിപ്പുരയിലാണ്. പൊണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ അടക്കമുള്ള മലയാളച്ചിത്രങ്ങളിലും ഹിന്ദി വെബ് സീരിസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി കാരാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി കാരാട്ട്.