രത്തന്‍ ടാറ്റയ്ക്ക് വിട, മുംബൈയിലെ വോർളിയിലെ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്ഗരി, പിയൂഷ് ഗോയൽ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മുംബൈ നരിമാന്‍ പോയ്ന്റിലെ പൊതു ദര്‍ശനത്തില്‍ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്. വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്. രാജ്യത്തോട് രത്തന്‍ കാണിച്ച സ്‌നേഹമൊന്നാകെ തിരിച്ചു കാണിക്കുന്ന വിധമായിരുന്നു യാത്രയയപ്പ്.
രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയെ പാസാക്കി. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു. രാഷ്ട്ര നിര്‍മിതിയില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടായിരിക്കാം പത്മവിഭൂഷണും പത്മശ്രീക്കുമപ്പുറം ഭാരതരത്‌ന എന്ന പരമോന്നത പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്.
രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.
അനുശോചന കുറിപ്പിലൂടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രത്തന്‍ ടാറ്റയ്ക്ക് ആദരമര്‍പ്പിച്ചു. ദീര്‍ഘവീക്ഷണവും അനുകമ്പയുള്ള വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.