അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം; ‘ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേ’, പൊട്ടിത്തെറിച്ച് കെ സുധാകരൻ

വരുന്ന ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ച് പഠിക്കാൻ പറ്റുമോയെന്നും സുധാകരൻ.

0
206

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്‍റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ രൂക്ഷ പ്രതികരണം.

സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ പറഞ്ഞാൽ എങ്ങനെയാണ്. അച്ചു ഉമ്മന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം ഒക്കെ ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമല്ല. വരുന്ന ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ച് പഠിക്കാൻ പറ്റുമോയെന്നും സുധാകരൻ ചോദിച്ചു. അതിന് അതിന്‍റേതായ സമയമുണ്ട്. വരുന്ന സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

അച്ചു ഉമ്മനെ പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് ചില കേന്ദ്രങ്ങൾ കൊണ്ടുപിടിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഏതാനും മാധ്യമങ്ങളുടെയും വാർത്താചാനലുകളുടെയും ഏജൻസിപ്പണിയുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിക്കുന്നത്. നിലവിൽ കോൺഗ്രസ് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ഇതിനിടയിലാണ് അച്ചു ഉമ്മന്റെ പേര് കോൺഗ്രസ് സ്ഥാനാർഥി എന്ന മട്ടിലുള്ള വാർത്തകൾ. വാർത്ത കൊടുക്കുന്നവർ തന്നെയാണ് ഇക്കാര്യങ്ങളെപ്പറ്റി കോൺഗ്രസ് നേതാക്കളോട് ചോദ്യം ചോദിക്കുന്നതും.

അച്ചു ഉമ്മന്റെ കാര്യത്തിൽ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ‘പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ ഒക്കെ വരിക. എല്ലാം അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ.’ എന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്. ഇതിനിടയിലാണ് അച്ചു ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകർ കെ സുധാകരനോടും പ്രതികരണമാരാഞ്ഞത്‌. ഇതിനോടാണ് കെപിസിസി പ്രസിഡന്റ് രൂക്ഷമായി പ്രതികരിച്ചതും.

അനില്‍ ആന്‍റണി ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ കാര്യമാണ്. എ കെ ആന്‍റണി കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവാണ്. അനിൽ ആന്റണി പോയത് എ കെ ആന്‍റണിയുടെ മനസ്സിൽ അതൊരു ചലനം പോലുമുണ്ടാക്കിയിട്ടില്ല. അദ്ദേഹം തങ്ങളുടെ അഭിമാനവും സമ്പത്തുമാണെന്നും സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran reaction over Achu Oommen Loksabha Candidature.