വംശീയാധിക്ഷേപം; ബംഗളൂരു താരത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകി

ഉദ്ഘാടന മത്സരത്തിലെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചത്.

0
188

കൊച്ചി: കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായ ഐ എസ് എൽ പത്താം പതിപ്പിൽ കല്ലുകടി. കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന പരാതിയാണ് ഫുടബോൾ മത്സരത്തിന്റെയാകെ ശോഭ കെടുത്തുന്ന തരത്തിലേക്ക് മാറിയത്. എയ്ബാൻ ദോളിങിനെ വംശീയമായി അധിക്ഷേപിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ് പരാതി നൽകി. സംഭവത്തിൽ ഐഎസ്എൽ അധികൃതർക്ക് പരാതി നൽകിയതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മത്സരത്തിന്റെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് താരത്തെ ബംഗളൂരുവിലെ റയാൻ വില്യംസ് അധിക്ഷേപിച്ചത്. റയാൻ എയ്ബൻ ദോളിങിനെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്ക്ക് പരാതി നൽകിയത്. വില്യംസന്റെ നടപടിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും രംഗത്തെത്തി. വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുമെന്ന് മഞ്ഞപ്പട എക്‌സിൽ കുറിച്ചു.

മത്സരത്തിനിടെ ബെം​ഗളൂരു താരത്തിൽ നിന്നുണ്ടായ നടപടി നിരാശപ്പെടുത്തുന്നതാണെന്ന് ബ്ലാസ്റ്റേഴ്‌സ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതിനെ ശക്തമായി അപലപിക്കുന്നു. വംശീയതയ്ക്കും വിവേചനങ്ങൾക്കും ഫുട്ബോളിലോ മറ്റെവിടയെങ്കിലുമോ സ്ഥാനമില്ല. അധികൃതർ ഇതിനെതിരെ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയ സുഹൃത്തുക്കളായ ബംഗളൂരുവിന്റെ ഭാ​ഗത്ത് നിന്നും വില്യംസണെതിരെ നടപടി വേണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു.

English Summary: ISL 2023-24: Kerala Blasters files complaint on racism incident against Bengaluru FC.