അനില്‍ ബിജെപിയില്‍ ചേര്‍ന്നത് തന്‍റെ പ്രാര്‍ത്ഥനയുടെ ശക്തി; കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരില്ല: എലിസബത്ത് ആന്‍റണി

കൃപാസനം ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥിച്ചതിനാലാണ് മകന്റെ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത്.

0
181

ആലപ്പുഴ: മകൻ അനിൽ ആന്റണി ബിജെപി നേതാവായതോടെ ആ പാർട്ടിയോടുള്ള എല്ലാ വെറുപ്പും തീർന്നെന്ന് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. ആന്‍റണിയും മകനെ സ്വീകരിച്ചു. മകനെ തിരിച്ച് കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കില്ലെന്നും അനിലിന് ബിജെപിയിൽ നിരവധി അവസരങ്ങളുണ്ടാകുമന്നും അവര്‍ പറഞ്ഞു. ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്‍റണി പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. അവന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നതാണ്. പക്ഷേ രാഷ്ട്രീയ പ്രവേശനംതടസം മാറ്റാനാണ് ഞാന്‍ കൃപാസനം ധ്യാനകേന്ദ്രത്തിൽ രണ്ടാമത്തെ നിയോഗം വെച്ചത്.

വര്‍ക്കിംഗ് കമ്മിറ്റിയില്‍, ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കി. രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ പ്രവേശനം നടത്താനാകില്ലെന്ന് അതിലൂടെ മനസിലായി. ഭര്‍ത്താവ് അതിന് വേണ്ടി പരിശ്രമിച്ചിട്ടില്ല. എന്നാൽ, രണ്ടാമത്തെ നിയോഗം വെച്ചതുവഴി മകൻ അനിൽ ആന്റണിക്ക് ബിജെപിയിൽ ചേരാൻ കഴിഞ്ഞു. പ്രധാനപ്പെട്ട പദവിയും ലഭിച്ചുവെന്നും എലിസബത്ത് ആന്റണി കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞു. എലിസബത്ത് ആന്റണിയുടെ സാക്ഷ്യം പറച്ചിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

English Summary: Anil Antony Will not be returned to Congress: Elizabeth Antony.