ആദ്യ അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ദുബായില്‍ വരുന്നു

വെള്ളത്തിനടിയിലുള്ള ഡെക്ക് നമസ്‌കാര സ്ഥലമായി ഉപയോഗിക്കും. ശുചിമുറികള്‍ ഉള്‍പ്പടെയുളള സൗകര്യവും ഒരുക്കും

0
150

ലോകത്തിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ദുബായില്‍ വരുന്നു. 55 മില്യണ്‍ ദിര്‍ഹം ചെലവിലാണ് മോസ്‌ക് നിര്‍മ്മിക്കുന്നത്. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. വിശ്വാസികള്‍ക്ക് വെള്ളത്തിനടിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് പുതിയ മോസ്‌കിലൂടെ ഒരുക്കുന്നത്.

മതപരമായ ടൂറിസം പ്രോജക്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ഇടയിലായിരുന്നു ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. സിറ്റൗട്ടും ഒരു കോഫി ഷോപ്പും ഉള്ള അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് പകുതി വെള്ളത്തിന് മുകളിലും താഴെയുമായിട്ടായിരിക്കും നിര്‍മ്മിക്കുക.

ഫ്‌ളോട്ടിംഗ് മോസ്‌കിന് മൂന്ന് നിലകളുണ്ടാകും, വെള്ളത്തിനടിയിലുള്ള ഡെക്ക് നമസ്‌കാര സ്ഥലമായി ഉപയോഗിക്കും. ശുചിമുറികള്‍ ഉള്‍പ്പടെയുളള സൗകര്യവും ഒരുക്കും. വിശ്വാസികള്‍ക്ക് വെള്ളത്തിനടിയില്‍ നമസ്‌കരിക്കാനാകുമെന്ന സവിശേഷമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.

മോസ്‌കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍ ഈ മസ്ജിദ് ദുബായില്‍ എവിടെയാണ് വരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദുബായുടെ തീരത്തോട് വളരെ അടുത്തായിരിക്കുമെന്നും മോസ്‌കിലേക്ക് വരാനായി ഒരു പാലം കൂടിയുണ്ടായിരിക്കുമെന്നും അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്.