രണ്ടാം വന്ദേഭാരത്‌ ട്രയൽ റൺ തുടങ്ങി; ഫ്ലാഗ്‌ഓഫ്‌ 24 ന് കാസർകോട്ട്

യാത്രക്കാർക്കായുള്ള സർവീസ്‌ തുടങ്ങുക ചൊവ്വാഴ്‌ച മുതൽ.

0
443

തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച രണ്ടാമത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പരീക്ഷണഓട്ടം തുടങ്ങി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ട്രയൽ റൺ. കാസർകോട്ടേക്കാണ് പരീക്ഷണഓട്ടം നടത്തിയത്. കാസർകോട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ തിരിച്ചെത്തി വെള്ളിയാഴ്‌ച വീണ്ടും പരീക്ഷണഓട്ടം നടത്തും.

പുതിയ സർവീസിന്റെ ഫ്ലാഗ്‌ഓഫ്‌ 24 ന് കാസർകോട്ട് നടത്താൻ തീരുമാനമായി. ഞായറാഴ്‌ച ഔദ്യോഗിക ഫ്ലാഗ്‌ഓഫ്‌ നടത്തുമെങ്കിലും യാത്രക്കാർക്കായുള്ള സർവീസ്‌ ചൊവ്വാഴ്‌ച മുതലാണ്‌ ആരംഭിക്കുക. എട്ടു കോച്ചുകളുള്ള പുതിയ ട്രെയിൻ സാധാരണ വന്ദേഭാരതുകളിൽ നിന്നും വ്യത്യസ്തമായി ഓറഞ്ച്‌, ഗ്രേ നിറങ്ങളിലാണ്. ആകെ 537.07 കിലോമീറ്ററാണ്‌ ഒരുഭാഗത്തേക്കുള്ള ദൂരം. ശരാശരി 72.39 കിലോമീറ്റർ വേഗമാണ്‌ പ്രതീക്ഷിക്കുന്നത്‌. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 7.55 മണിക്കൂർ കൊണ്ടും തിരികെ 8.05 മണിക്കൂറുകൊണ്ടും ട്രെയിൻ ഓടിയെത്തുമെന്നാണ്‌ പ്രതീക്ഷ. തിരുവനന്തപുരം-കാസർകോട്‌ റൂട്ടിൽ തിങ്കളാഴ്‌ചയും കാസർകോട്‌- തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്‌ചയും ട്രെയിൻ സർവീസ്‌ ഉണ്ടാകില്ല. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ റെയിൽവേ സ്‌റ്റേഷനുകളിലാണ്‌ സ്‌റ്റോപ്പുകൾ.

വ്യാഴാഴ്ച പുലർച്ചെയാണ് രണ്ടാം വന്ദേഭാരത് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. കൊച്ചുവേളിയിൽ നിന്നും അവാസനഘട്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷമാണ്‌ ആദ്യസർവീസ്‌. രാവിലെ ഏഴിന്‌ കാസർകോട്‌ നിന്ന്‌ പുറപ്പെട്ട്‌ കണ്ണൂർ (8.03), കോഴിക്കോട്‌ (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്‌ക്ക്‌ 1.55) വഴി വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട്‌ 4.05ന്‌ തിരുവനന്തപുരത്തു നിന്ന്‌ ആരംഭിച്ച്‌ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട്‌ (9.16), കണ്ണൂർ (10.16),രാത്രി 11.55ന് കാസർകോട്‌ എത്തും. നിലവിലെ സമയക്രമം റെയിൽവേ അധികൃതർ ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്.

ഫ്ലാഗ്‌ഓഫിന്റെ ഭാഗമായി എല്ലാ സ്‌റ്റോപ്പുകളിലും റെയിൽവെയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. രാജ്യത്തെ വിവിധ റൂട്ടുകളിൽ അനുവദിച്ച ഒമ്പത്‌ വന്ദേഭാരത്‌ സർവീസ്‌ വീഡിയോ കോൺഫറൻസ്‌ വഴി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഫ്ലാഗ്‌ഓഫ്‌ ചെയ്യുക.

English Summary: Passenger services of Vande Bharat will start from Tuesday.