പെൺകുട്ടികളെ ശല്യം ചെയ്ത ‘പ്രാങ്ക് വ്ലോഗർമാർ’ പിടിയിൽ

0
1040

നെയ്യാറ്റിൻകര: മുഖംമൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാങ്ക് വീഡിയോയുടെ പേരില്‍ ഇവര്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നും അനുവാദമില്ലാത്തെ കൈയില്‍കയറി പിടിച്ചെന്നുമാണ് പരാതി. മുയലിന്റെ തലയുടെ മാതൃകയിലുള്ള ഹെൽമെറ്റ് ധരിച്ച് ആണ് ഇവർ എത്തിയത്.

നെയ്യാറ്റിൻകര കോൺവെന്റ് റോഡിലൂടെ വരുകയായിരുന്ന പെൺകുട്ടികളെ ശല്യംചെയ്യുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടികളെ തടഞ്ഞുനിർത്തി ശല്യംചെയ്യുന്ന സി.സി.ടി.വി. ദൃശ്യങ്ങളോടെയാണ് നാട്ടുകാർ പരാതി നൽകിയത്.

മുയൽത്തലയുടെ ആകൃതിയുള്ള ഹെൽമെറ്റും വസ്ത്രവും ധരിച്ച് രണ്ടുപേർ പെൺകുട്ടികളുടെ അടുത്തെത്തും. മറ്റൊരാൾ ഇത് ക്യാമറയിൽ പകർത്തും. ഇവർ നടന്നുവരുന്ന പെൺകുട്ടികളെ തടഞ്ഞുനിർത്തി കൈയിൽക്കയറി പിടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ ലഭ്യമായിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ തൊഴുക്കലിൽ മുയൽത്തലയുള്ള ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയവർ പെൺകുട്ടികളെ ശല്യംചെയ്തിരുന്നു. ഇപ്പോൾ പിടിയിലായവർ ഇവരല്ലെന്നാണ് പോലീസിന്റെ നിഗമനം. കോൺവെന്റ് റോഡിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ പലപ്പോഴായി നടക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.