കേരളത്തിന് രണ്ടാം വന്ദേഭാരത് കൈമാറി; ഞായറാഴ്ച സർവീസ് തുടങ്ങിയേക്കും, സമയക്രമമായി

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

0
5694

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11. 55ന് കാസര്‍കോട്ടെത്തും. ആഴ്‌ചയിൽ ആറു ദിവസമായിരിക്കും സർവീസ്.

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഉദ്‌ഘാടനയാത്ര ഞായറാഴ്ച തന്നെ നടത്തുമെന്നാണ് സൂചന. ശനിയാഴ്ച പരീക്ഷണഓട്ടം (ട്രയല്‍ റണ്‍) നടത്താനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കൈമാറിയിട്ടുണ്ട്.

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാട്‌ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. ട്രെയിൻ ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് യാർഡിൽ നിന്ന് ബുധനാഴ്ച വൈകിട്ട് കേരളത്തിലേക്ക് തിരിച്ചു. ട്രെയിനിന്റെ കാര്യക്ഷമതയും മറ്റും പരിശോധിക്കാൻ കഴിഞ്ഞദിവസം നടത്തിയ ട്രയൽ റൺ വിജയമായിരുന്നുവെന്ന് റെയിൽവേ അറിയിച്ചു.

രണ്ടാം വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെ ചെന്നൈയില്‍ നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. ഇതിനുപുറമെ മംഗളൂരു-കാസർകോട് സെക്ഷനിൽ വന്ദേഭാരതിന്റെ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ലോക്കോപൈലറ്റുമാർക്ക് എൻജിൻ വൈദ്യുതി ഓഫാക്കാനുള്ള നിർദേശം നൽകുന്ന ബോർഡുകളാണിവ. എട്ട് കോച്ചുകളുള്ള ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനിന് 16 കോച്ചുകളാണുള്ളത്.

കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ- വിജയവാഡ, ചെന്നൈ എഗ്മോർ- തിരുനൽവേലി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് സർവീസ്.

English Summary: Second Vande Bharat trail run on Saturday.