കുറുപ്പിനെ മറികടന്ന് ആർഡിഎക്സ്; കളക്ഷനിൽ ടോപ് ഫൈവിൽ എത്തി

24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്

0
321

ഓണം റിലീസായി എത്തി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന ആർഡിഎക്സ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡ് ഭേദിച്ചാണ് മൾട്ടി സ്റ്റാർ ചിത്രമായ ആർഡിഎക്സ് ആദ്യ അഞ്ചിൽ ഇടം നേടിയത്. 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്.

2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള കളക്ഷനിൽ അഞ്ചാം സ്ഥാനത്തെത്തി ചേർന്നിരിക്കുകയാണ് ആർഡിഎക്സ്. ഓണം റിലീസിന് ശേഷം മൂന്ന് ആഴ്ചകൾ പിന്നിട്ടെങ്കിലും ആർഡിഎക്സ് ഇപ്പോഴും നിറഞ്ഞ സദ്ദസ്സിലാണ് പ്രദർശനം തുടരുന്നത്. കേരള ബോക്സ്ഓഫീസിൽ ഇതിനോടകം ചിത്രം 50 കോടി നേടി. കേരള ഗ്രോസറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആർഡിഎക്സ്.

ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.