പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍

പാലാരിവട്ടം പാലം അഴിമതിയടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു.

0
515

കളമശേരി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡില്‍ പുന്നക്കാട്ട് വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തിന് അടുത്തിടെ ചികിത്സ തേടിയിരുന്നു.

നിരവധി നിരവധി അഴിമതിക്കേസുകളില്‍ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ 12 പേരെ എതിർകക്ഷികളാക്കി ഗിരീഷ് ബാബു അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീഷ്ബാബുവിന്റെ മരണം. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.

പാലാരിവട്ടം പാലം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. കേസിൽ മുസ്ലിംലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇ ഡി അന്വേഷണം തുടങ്ങിയതും ഗിരീഷ് ബാബുവിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു.

English Summary: Activist Girish Babu found dead.