ലിജോയുടെ പിറന്നാളിന്‌ ആരാധകരെ ഞെട്ടിക്കാൻ ‘വാലിബന്‍’ ടീം, സർപ്രൈസ്‌ പ്രഖ്യാപിച്ച്‌ മോഹൻലാൽ

"മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മള്‍ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?"

0
354

മലയാള സിനിമാ പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ആദ്യ പോസ്റ്റർ നാളെ പുറത്ത്‌ വരും. ലിജോ ജോസ്‌ പെല്ലിശേരിയ്‌ക്ക്‌ പിറന്നാൾ സമ്മാനമായാണ്‌ സിനിമയുടെ ആദ്യ അപ്‌ഡേറ്റ്‌ വരുക. മോഹൻലാലിന്റെ വാട്‌സാപ്പ്‌ ചാനലിലൂടെയാണ്‌ ഏവരും കാത്തിരിക്കുന്ന സിനിമയുടെ ആദ്യ വിവരം വരുന്ന കാര്യം പുറത്ത്‌ വിട്ടത്‌. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മള്‍ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?”, എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.

മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ സ്വന്തം കൈയൊപ്പുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് വാലിബൻ. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ വലിയ ചിത്രമാണ്‌ വാലിബൻ. പ്രധാന ഭാഗങ്ങളെല്ലാം രാജസ്ഥാനിലാണ്‌ ചിത്രീകരിച്ചത്‌. 130 ദിവസത്തോളം നീണ്ട ചിത്രീകരണം ജൂണ്‍ രണ്ടാം വാരത്തോടെയാണ്‌ പൂർത്തിയായത്‌. സിനിമയുടെ റിലീസ് ഡിസംബറിൽ ഉണ്ടാക്കുമെന്നാണ്‌ പുറത്ത്‌ വരുന്ന വിവരം.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളില്‍ ചിത്രം എപ്പോള്‍ എത്തും എന്നതും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.