വയനാട്ടിലും ലോൺ ആപ്പ്‌ കെണി; ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു

ഗൃഹനാഥന്റെ ജീവനെടുത്ത ലോൺ ആപ്പുകാർ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ചു.

0
9018

കൽപ്പറ്റ: കൊച്ചിക്ക് പിന്നാലെ വയനാട്ടിലും ഓൺലൈൻ ആപ്പുകാർ ഒരാളുടെ കൂടി ജീവനെടുത്തു. ഓൺലൈൻ ലോൺ അപ്പുകാരുടെ നിരന്തര ഭീഷണിയിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വയനാട് അരിമുളയില്‍ ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നാലെ മെബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വൈകുന്നേരം വരെ വിളിച്ചിട്ടും കിട്ടാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ പ്രദേശത്തെ ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലോട്ടറി വിൽപ്പന നടത്തിയിരുന്ന അജയരാജ് വൃക്ക രോഗിയാണ്. ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയും മാനസികസംഘര്‍ഷവുമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെയും ബന്ധുക്കളുടെയും പ്രാഥമിക നിഗമനം. എന്നാൽ, അജയരാജിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ലോൺ ആപ്പുകാരുടെ ഭീഷണിയാണ് കാരണമെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും സംശയമുണ്ട്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അശ്ലീല സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് മെസേജ് അയച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി.

പന്ത്രണ്ടംഗ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അജയരാജിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഓൺലൈൻ ആപ്പിൽ നിന്ന് അജയൻ 5000 രൂപ ലോൺ എടുത്തിരുന്നു എന്നാണ് സംശയം. തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ സുൽത്താൻബത്തേരി പൊലീസ് കേസെടുത്തു.

ലോൺ ആപ്പുകാരുടെ കെണിയിൽപ്പെട്ട് എറണാകുളം കടമക്കുടിയിൽ ഒരു കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വയനാട്ടിലും ഗൃഹനാഥൻ ജീവനൊടുക്കിയത്. ഇത്തരം ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Loan app trap in Wayanad too.