‘താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ടും കാക്കി പാന്റ്സും’; പാർലമെന്റ് ജീവനക്കാരുടെ യൂണിഫോം മാറ്റി, 19ന് പ്രത്യേക പൂജ

ഇരു സഭകളിലെയും മാർഷെലുകൾ മണിപ്പൂരി അല്ലെങ്കിൽ കന്നഡ തലപ്പാവ് ധരിക്കണം.

0
141

ന്യൂഡൽഹി: ഈ മാസം 18 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കെ, അടിമുടി കാവിവൽക്കരണവുമായി കേന്ദ്രസർക്കാർ. 19ന് ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറും. ആദ്യ ദിനം സിറ്റിങ് പഴയ മന്ദിരത്തിലാകും. 19ന് സിറ്റിങ് പുതിയ മന്ദിരത്തിലായിരിക്കും നടക്കുക. നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച് അന്നേദിവസം പ്രത്യേക പൂജയുമുണ്ടാകും.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം 18 മുതൽ 22 വരെയാണ് നടത്തുന്നത്. ഗണേശ ചതുർഥി ദിവസമായ 19 ന് പ്രത്യേക പൂജകൾ നടത്തി പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനൊപ്പം ലോക്‌സഭാ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യൂണിഫോമിലും അടിമുടി മാറ്റം വരുത്തി. ബിജെപിയുടെ ചിഹ്നമായ താമര പ്രിന്റ് ചെയ്ത വസ്ത്രങ്ങളായിരിക്കും ഇനിമുതൽ ജീവനക്കാർ ധരിക്കുക. പുരുഷ ജീവനക്കാർക്ക് പിങ്ക് നിറത്തിൽ താമര മുദ്ര പതിച്ച ക്രീം ഷർട്ട്, കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റ്, ക്രീം നിറത്തിലുള്ള ജാക്കറ്റ് എന്നിവയായിരിക്കും പുതിയ യൂണിഫോം.

ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകളിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും യൂണിഫോമും ഇതുതന്നെ. നിലവിലുള്ള വസ്ത്രധാരണ രീതിയായ ബാംഗാന സ്യൂട്ടില്‍ നിന്നും മജന്ത നിറമുള്ള നെഹ്‌റു ജാക്കറ്റിലേക്കായിരിക്കും വസ്ത്രധാരണം മാറുക. പാർലമെന്റിലെ ഇരുസഭകളിലും നിയോഗിക്കപ്പെട്ട മാർഷെലുകളുടെ വസ്ത്രങ്ങളിലും മാറ്റമുണ്ട്. ഇവർ മണിപ്പൂരി അല്ലെങ്കിൽ കന്നഡ തലപ്പാവ് ധരിക്കണം എന്നുമാണ് തീരുമാനം ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റ പരിശീലനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനവും കൊടുക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ വേഷവിധാനം രൂപകൽപ്പന ചെയ്തത്.

ചേംബര്‍ അറ്റന്‍ഡന്റുമാര്‍, റിപ്പോര്‍ട്ടിങ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള 271 ജീവനക്കാര്‍ക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും സെപ്റ്റംബര്‍ ആറിന് തന്നെ യൂണിഫോമുകൾ കൈപ്പറ്റി. പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസിലെ (ഓപ്പറേഷന്‍സ്) സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടുകള്‍ക്ക് പകരം സൈനിക യൂണിഫോമിന്റെ നിറത്തിലുള്ള പുതിയ യൂണിഫോമായിരിക്കും ധരിക്കുക.